ആന്ധ്രയിലെ ഗോശാലയിൽ ഗോമൂത്രം ഉപയോഗിച്ച് ക്ലോക്ക് പ്രവർത്തിപ്പിച്ചു; ശാസ്ത്രീയ വിശദീകരണവുമായി അധികൃതർ
എലൂരു: ബാറ്ററിയോ വൈദ്യുതിയോ സൗരോർജമോ ഇല്ലാതെ ഗോമൂത്രം മാത്രം ഉപയോഗിച്ച് ഭിത്തി ക്ലോക്ക് പ്രവർത്തിപ്പിച്ച് ശ്രദ്ധേയമായിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ എലൂരു ജില്ലയിലെ ഒരു ഗോശാല. ഉങ്കുതുരു മണ്ഡലത്തിലെ നാച്ചുഗുണ്ട ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ശ്രീ ഗോപാലകൃഷ്ണ ഗോശാലയിലാണ് ഈ കൗതുകകരമായ പരീക്ഷണം നടന്നത്. ഗോശാല പ്രതിനിധികളായ പരിമി വെങ്കട രാഘവുലു, ഗഡ്ഡെ വെങ്കട രത്നാജി എന്നിവർ ചേർന്നാണ് ഇതിന്റെ പ്രവർത്തനരീതി പൊതുജനങ്ങൾക്കായി വിശദീകരിച്ചത്.
രണ്ട് പ്ലാസ്റ്റിക് പാത്രങ്ങളിലായി ഒരു ലിറ്റർ വീതം ഗോമൂത്രം നിറച്ച്, അതിൽ ചെമ്പ് (Copper), സിങ്ക് (Zinc) ദണ്ഡുകൾ സ്ഥാപിച്ചാണ് ഇലക്ട്രോണിക് സർക്യൂട്ട് പൂർത്തിയാക്കുന്നത്. ഒരു പാത്രത്തിലെ ചെമ്പ് ദണ്ഡും അടുത്ത പാത്രത്തിലെ സിങ്ക് ദണ്ഡും തമ്മിൽ വയർ ഉപയോഗിച്ച് ബന്ധിപ്പിക്കുന്നു. ബാക്കിയുള്ള രണ്ട് അഗ്രങ്ങൾ ക്ലോക്കിന്റെ പോസിറ്റീവ്, നെഗറ്റീവ് ടെർമിനലുകളിലേക്ക് കൊടുക്കുന്നതോടെ ക്ലോക്ക് പ്രവർത്തിക്കാൻ തുടങ്ങും. രണ്ട് ലിറ്റർ ഗോമൂത്രം ഉപയോഗിച്ച് ഒരു ക്ലോക്ക് തുടർച്ചയായി 14 ദിവസം വരെ പ്രവർത്തിപ്പിക്കാമെന്നാണ് ഇവരുടെ അവകാശവാദം.
