തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ; ഇ.ശ്രീധരൻ പദ്ധതി രൂപരേഖ സമർപ്പിച്ചു
BY:TS TVM
തിരുവനന്തപുരം :
കേരളത്തിന്‍റെ യാത്രാമേഖലയിൽ വിപ്ലവകരമായ മാറ്റം കുറിക്കാൻ ലക്ഷ്യമിടുന്ന തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ പദ്ധതിയുടെ വിശദമായ രൂപരേഖ ‘മെട്രോമാൻ’ ഇ. ശ്രീധരൻ സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിക്ക് കൈമാറി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) തയ്യാറാക്കിയ ഈ പദ്ധതി രേഖ നിലവിൽ സമിതിയുടെ സൂക്ഷ്മ പരിശോധനയിലാണ്. അടുത്ത ആഴ്ചയോടെ സമിതി ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചേക്കുമെന്നാണ് വിവരങ്ങൾ.
ഏകദേശം 60,000 കോടി രൂപ മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്‍റെ (CIAL) മാതൃകയിൽ ജനപങ്കാളിത്തത്തോടെ ധനസമാഹരണം നടത്തണമെന്നാണ് ഇ. ശ്രീധരൻ നിർദ്ദേശിച്ചിരിക്കുന്നത്. പദ്ധതി തുകയുടെ 40 ശതമാനം അതായത് 24,000 കോടി രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ കണ്ടെത്താനാകും. ബാക്കി തുകയിൽ 18,360 കോടി രൂപ കേന്ദ്ര സർക്കാരും, 17,640 കോടി രൂപ സംസ്ഥാന സർക്കാരും വഹിക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.
തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട് വരെ 473.20 കിലോമീറ്റർ ദൈർഘ്യത്തിലാണ് അതിവേഗ റെയിൽപാത വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് വെറും മൂന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകും.
പദ്ധതിയുടെ പ്രായോഗികത വിലയിരുത്തുന്നതിനായി വിദഗ്ധ സമിതി ഉന്നയിച്ച നൂറിലധികം ചോദ്യങ്ങൾക്ക് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. ഈ മറുപടി നിലവിൽ ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. പരിസ്ഥിതിക്ക് അനുയോജ്യമായതും, ജനങ്ങളെ വ്യാപകമായി ഒഴിപ്പിക്കേണ്ടാത്തതുമായ ഈ പദ്ധതി സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത വരുത്തിവെക്കില്ലെന്നാണ് ഇ. ശ്രീധരന്‍റെ നിലപാട്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും പദ്ധതിയുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക.
