ഡൽഹി വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായി; സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു, 6 പേർക്ക് പരിക്ക്
By:Sumeshkrishnan
ന്യൂഡൽഹി:
തലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനം അപകടത്തിൽപ്പെട്ടു. സൂറിച്ചിലേക്ക് പുറപ്പെടാനിരുന്ന LX147 വിമാനത്തിനാണ് ടേക്ക് ഓഫിനിടെ എൻജിൻ തകരാറിനെത്തുടർന്ന് തീപിടിച്ചത്. പൈലറ്റിന്റെ മനഃസാന്നിധ്യം കൊണ്ട് വലിയൊരു ദുരന്തം ഒഴിവായെങ്കിലും, വിമാനത്തിൽ നിന്നുള്ള അടിയന്തര ഒഴിപ്പിക്കലിനിടെ ആറ് യാത്രക്കാർക്ക് പരിക്കേറ്റു.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വിമാനത്തിൽ നാല് കുട്ടികളടക്കം 232 യാത്രക്കാരാണ് ഉണ്ടായിരുന്നത്. റൺവേയിലൂടെ കുതിച്ചുയരാൻ തയ്യാറെടുക്കുന്നതിനിടെ എൻജിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ലാൻഡിങ് ഗിയറിന് സമീപം തീ പടരുന്നത് കണ്ടയുടൻ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചു.
തുടർന്ന് എമർജൻസി സ്ലൈഡുകൾ വഴി യാത്രക്കാരെ അതിവേഗം പുറത്തെത്തിച്ചു. പരിക്കേറ്റ ആറ് പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചതായും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
