പ്രതീക്ഷിച്ചതിലും വേഗത്തിൽ ചുരുങ്ങി ബുധഗ്രഹം: പുതിയ പഠന റിപ്പോർട്ട് പുറത്ത്

കേപ്പ് കനാവറൽ:
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്റെ (Mercury) വിസ്തൃതി ശാസ്ത്രലോകം ഇതുവരെ കരുതിയതിനേക്കാൾ വേഗത്തിൽ കുറഞ്ഞുകൊണ്ടിരിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. സൂര്യന്റെ ചൂടേറ്റ് മുന്തിരിപ്പഴം വറ്റി ഉണങ്ങി ഉണക്കമുന്തിരിയാകുന്നതിന് സമാനമായാണ് ബുധന്റെ ഉപരിതലം ചുരുങ്ങുന്നത്.
ജർമ്മൻ എയറോസ്പേസ് സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് നടത്തുന്ന ഗവേഷണത്തിലാണ് സുപ്രധാന വിവരങ്ങൾ ഉള്ളത്. ഗ്രഹത്തിന്റെ വ്യാസത്തിൽ (Diameter) മുൻപ് അനുമാനിച്ചതിനേക്കാൾ 30 ശതമാനം വരെക്കൂടുതൽ ചുരുക്കം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. അതായത്, ഏകദേശം 23 കിലോമീറ്ററോളം (14 മൈൽ) വിസ്തൃതി ഗ്രഹത്തിന് നഷ്ടപ്പെട്ടിട്ടുണ്ടാകാം. കേവലം 4,900 കിലോമീറ്റർ മാത്രം വ്യാസമുള്ള ഒരു ചെറിയ ഗ്രഹത്തെ സംബന്ധിച്ച് ഇത് വലിയൊരു മാറ്റമാണ്. ‘ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ്’ (Geophysical Research Letters) എന്ന ശാസ്ത്ര മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഗ്രഹം രൂപംകൊണ്ട 450 കോടി വർഷങ്ങൾക്ക് മുൻപ് മുതൽ തന്നെ ബുധന്റെ വലിപ്പം കുറഞ്ഞുവരികയാണ്. ഗ്രഹത്തിന്റെ കൂറ്റൻ ഇരുമ്പ് കാമ്പ് തണുത്തുറയുന്നതിനൊപ്പം പുറംതോടും (Crust) മാന്റിലും ഉൾവലിയുന്നതാണ് ഈ ഉപരിതല മാറ്റങ്ങൾക്ക് കാരണം. മുൻപ് ഛിന്നഗ്രഹങ്ങളും ഉൽക്കകളും പതിച്ചുണ്ടായ ഗർത്തങ്ങളിൽ നിന്നും ഉയർന്ന അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയ ഘടനയായതിനാൽ, ഗ്രഹ ഉപരിതലത്തിലുണ്ടായ യഥാർത്ഥ ചുരുക്കത്തിന്റെയും മടക്കുകളുടെയും (wrinkles) അളവ് കൃത്യമായി തിരിച്ചറിയാൻ തടസ്സമായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗാകു നിഷിയാമ (Gaku Nishiyama) വ്യക്തമാക്കുന്നു.
യൂറോപ്യൻ-ജപ്പാൻ ബഹിരാകാശ ഏജൻസികളുടെ സംയുക്ത ദൗത്യമായ ‘ബെപി കൊളംബോ’ (BepiColombo) പേടകം നിലവിൽ ബുധനെ ലക്ഷ്യമാക്കി നീങ്ങുകയാണ്. വരും മാസങ്ങളിൽ ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന പേടകത്തിലെ അത്യാധുനിക ലേസർ ഉപകരണങ്ങൾ ഉപയോഗിച്ച് ബുധന്റെ തണുത്തുറയലും ഉപരിതല വിസ്തൃതിക്കുറവും കൂടുതൽ കൃത്യതയോടെ അളക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2010-കളിൽ നാസയുടെ ‘മെസ്സഞ്ചർ’ (Messenger), 1970-കളിൽ ‘മാരിനർ 10’ (Mariner 10) എന്നിവയാണ് ഇതിനുമുമ്പ് ബുധനെക്കുറിച്ച് പഠനം നടത്തിയ മറ്റ് ബഹിരാകാശ പേടകങ്ങൾ.
