ആർട്ടിക്കിൾ 370 റദ്ദാക്കിയില്ലായിരുന്നെങ്കിൽ പാക് അധീന കശ്മീരിലെ ജനങ്ങൾ ഇന്ത്യയിൽ ചേരാൻ പ്രക്ഷോഭം നടത്തുമായിരുന്നു: ഉമർ അബ്ദുള്ള
ശ്രീനഗർ:
2019-ൽ കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാന പദവി പിൻവലിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ, പാക് അധീന കശ്മീരിലെ (PoK) ജനങ്ങൾ ഇന്ന് ഇന്ത്യയുടെ ഭാഗമാകാൻ തെരുവിൽ പ്രക്ഷോഭം നടത്തുമായിരുന്നുവെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിർത്തിക്ക് അപ്പുറത്തുള്ള നിലവിലെ അവസ്ഥ ആശങ്കാജനകവും സങ്കടകരവുമാണെന്ന് ഉമർ അബ്ദുള്ള പറഞ്ഞു. പാക് അധീന കശ്മീരിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ പരാമർശിച്ച അദ്ദേഹം, 1947-ൽ പാകിസ്ഥാൻ പിന്തുണയോടെയുള്ള അധിനിവേശത്തെ ചെറുത്തുതോൽപ്പിക്കാൻ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയുടെ നേതൃത്വത്തിൽ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് നിലവിലെ സാഹചര്യങ്ങൾ തെളിയിക്കുന്നതായി കൂട്ടിച്ചേർത്തു.
പാക് അധീന കശ്മീരിലെ ജനങ്ങൾ നമ്മുടെ സ്വന്തമാണെന്നും ജമ്മു കശ്മീർ നിയമസഭയിൽ അവർക്കായി ഇന്നും സീറ്റുകൾ ഒഴിച്ചിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അവകാശങ്ങളും ഭരണഘടനാപരമായ പരിരക്ഷകളും തിരികെ നേടാനും ഫെഡറലിസം സംരക്ഷിക്കാനുമുള്ള പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
