ഇന്ത്യക്കാർക്ക് ആശ്വാസം: ഫ്രാൻസിൽ ഇനി ട്രാൻസിറ്റ് വിസ വേണ്ട
BY:SUMESHKRISHNAN
പാരിസ്:
വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് വലിയ ആശ്വാസം പകരുന്ന തീരുമാനവുമായി ഫ്രഞ്ച് സർക്കാർ. ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ എയർപോർട്ട് ട്രാൻസിറ്റ് വിസ (ATV) ആവശ്യമുണ്ടാവില്ലെന്ന് ഫ്രാൻസ് ഔദ്യോഗികമായി അറിയിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിച്ച വേളയിൽ നൽകിയ വാഗ്ദാനമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ഈ തീരുമാനത്തിലൂടെ ഫ്രഞ്ച് വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ട്രാൻസിറ്റ് ഏരിയ വഴി വിസയില്ലാതെ തന്നെ ഇന്ത്യക്കാർക്ക് യാത്ര തുടരാനാകും. യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ യാത്രക്കാർക്ക് ഈ നടപടി വലിയ സഹായമാകും.
ഫ്രാൻസിന്റെ ഈ സുപ്രധാന തീരുമാനത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തിന്റെ പ്രതിഫലനമാണ് ഇതെന്നും, ഇന്ത്യൻ യാത്രക്കാർക്ക് ഇത് യാത്രകൾ കൂടുതൽ സുഗമമാക്കുമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
