ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; അന്ത്യം 1500 അടി താഴ്ചയിൽ

 ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; അന്ത്യം 1500 അടി താഴ്ചയിൽ

ബെംഗളൂരു:

കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ വച്ച് കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തെ വ്യൂ പോയിന്റിൽ നിന്ന് ഏകദേശം 1500 അടി താഴ്ചയിലുള്ള കൊക്കയിൽ നിന്നാണ് നാലാം ദിവസം മൃതദേഹം കണ്ടെടുത്തത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള 40 അംഗ സംഘത്തോടൊപ്പമാണ് യാത്രയ്ക്കെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. വെള്ളച്ചാട്ടത്തിന് സമീപം മറ്റു കുട്ടികൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷം മലയിറങ്ങുന്നതിനിടെയാണ് ശ്രീനന്ദയെ കാണാതായത്. പെൺകുട്ടി വെള്ളച്ചാട്ടത്തിൽ വീണതാകാമെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും പിന്നീട് വനത്തിനുള്ളിൽ വഴിതെറ്റിയതാകാനുള്ള സാധ്യത കണക്കിലെടുത്ത് തിരച്ചിൽ വ്യാപിപ്പിച്ചു. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിൽ കേരള പൊലീസും പങ്കുചേർന്നിരുന്നു.

ഡ്രോണുകളും ഡോഗ് സ്ക്വാഡും ഉപയോഗിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ബാബുഡാൻ കുന്നുകളിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവിൽ വൻ താഴ്ചയുള്ള കൊക്കയിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്താനായത്. ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തിൽ കൊക്കയിലേക്ക് വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ അധികൃതർ ചെയ്ത് വരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News