തിരുവനന്തപുരത്ത് നാളെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം; മുഖ്യമന്ത്രി ആര്?
By: TS Tvm
തിരുവനന്തപുരം:
കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്. AICC നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്തെത്തി എംഎൽഎമാരുമായി നേരിൽ കൂടിക്കാഴ്ച നടത്തി അഭിപ്രായം ശേഖരിക്കും. നാളെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗവും ചേരും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി പെരുമ്പാവൂരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. അതേസമയം രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ചർച്ചകൾക്കായി ഡൽഹിയിലേക്ക് തിരിച്ചു. ഇന്ന് ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ഇരുവരും കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രി ചർച്ചകൾ അധികം നീണ്ടുപോകില്ലെന്നും ഹൈക്കമാൻഡ് തീരുമാനത്തോടൊപ്പമാണ് ലീഗെന്നും മുസ്‍ലിം ലീഗ് നേതാവ് ടി.വി. ഇബ്രാഹിം പ്രതികരിച്ചു.
അതിനിടെ കേരള കോൺഗ്രസ് എമ്മിൽ തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് മുന്നണി മാറ്റ വിഷയത്തിൽ തർക്കം രൂക്ഷമാകുന്നു. തോൽവിക്ക് കാരണം മുന്നണി മാറ്റത്തിന് തടസ്സം നിന്നവരാണെന്ന വിമർശനം ശക്തമാണ്. ജോസഫ് ഗ്രൂപ്പിലേക്ക് ചില നേതാക്കളും പ്രവർത്തകരും നീക്കം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച ചേരുന്ന സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷനെതിരെ വിമർശനങ്ങൾ ഉയരാനും സാധ്യതയുണ്ട്.
