പ്രകടനപത്രികയിലെ 97 ശതമാനം വാഗ്ദാനങ്ങളും നടപ്പാക്കി: എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

 പ്രകടനപത്രികയിലെ 97 ശതമാനം വാഗ്ദാനങ്ങളും നടപ്പാക്കി: എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

തിരുവനന്തപുരം:

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് പത്ത് വർഷം തികയുന്ന വേളയിൽ, കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന പുരോഗതി വിവരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും പൂർത്തിയാക്കുകയോ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലോ ആണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയത് സർക്കാരിന്റെ വലിയ നേട്ടമായി മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ഏകദേശം 20 ലക്ഷം ആളുകൾക്ക് ഇതിലൂടെ സുരക്ഷിതമായ പാർപ്പിടം ഉറപ്പാക്കാൻ കഴിഞ്ഞു. കൂടാതെ, പുനർഗേഹം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികൾക്കായി 2,782 വീടുകളും 738 ഫ്ലാറ്റുകളും നിർമ്മിച്ചു നൽകി. പത്ത് വർഷത്തിനിടെ 4.5 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടവും റിപ്പോർട്ടിൽ ഇടംപിടിച്ചു. സംസ്ഥാനത്തെ 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞു. ഏക കിടപ്പാടം സംരക്ഷണ നിയമം വഴി സാധാരണക്കാരുടെ ജപ്തി ഭീഷണി ഒഴിവാക്കാനായതും, വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതി വഴി 16 ലക്ഷം സ്ത്രീകൾക്ക് ഗുണഫലം ലഭിക്കുന്നതും സർക്കാരിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനായതും നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News