മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ സി.പി.ഐ.എം കടുത്ത നടപടികളിലേക്ക്; രാജി ആവശ്യപ്പെട്ടേക്കും
കേരളകോഗ്രസ് ബി ഇടതുമുന്നണിയിൽ നിന്നും പുറത്തേയ്ക്ക്?
തിരുവനന്തപുരം:
കുടുംബപരമായ ആരോപണങ്ങളെത്തുടർന്ന് വിവാദത്തിലായ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ സി.പി.ഐ.എം കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായി സൂചന. ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യം എൽ.ഡി.എഫിൽ ശക്തമാകുന്നുണ്ട്.
തനിക്കെതിരെയുള്ള ആരോപണങ്ങൾ കുടുംബപ്രശ്നങ്ങളുടെ ഭാഗമാണെന്നും ഇതിന് പിന്നിൽ കോൺഗ്രസ് ആണെന്നും വിശദീകരിക്കാൻ ഗണേഷ് കുമാർ സി.പി.ഐ.എം നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പാർട്ടി നേതൃത്വം ഈ വിശദീകരണത്തിൽ തൃപ്തരല്ല. ആരോപണങ്ങളോടുള്ള മന്ത്രിയുടെ പ്രതികരണവും മുന്നണിയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാനാണ് ഗണേഷ് കുമാറിന്റെ നിലവിലെ നീക്കം.
കൊട്ടാരക്കര വാളകത്തെ വീട്ടിൽ വെച്ചുണ്ടായ സംഭവങ്ങളിൽ പോലീസ് ഇടപെട്ടില്ലെന്ന ബിന്ദു മേനോന്റെ പരാതിയിൽ കൊല്ലം റൂറൽ എസ്.പി സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2013-ൽ സമാനമായ ഗാർഹിക പീഡന പരാതിയെത്തുടർന്ന് ഉമ്മൻചാണ്ടി സർക്കാരിൽ നിന്നും ഗണേഷ് കുമാറിന് രാജിവെക്കേണ്ടി വന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
