രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി: ഹൈക്കമാൻഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് വിട്ടുനിൽക്കുന്നു
തിരുവനന്തപുരം:
കേരളത്തിലെ കോൺഗ്രസ് നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് എടുത്ത തീരുമാനത്തിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം തന്റെ പ്രതിഷേധം പരസ്യമാക്കാതെ തന്നെ അതൃപ്തി അറിയിച്ചത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് അദ്ദേഹം നേരിട്ട് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് സൂചനകൾ.
രണ്ടാമതും തന്നെ പരിഗണിക്കാതെ തഴഞ്ഞതിൽ മനംനൊന്ത് അദ്ദേഹം സഹപ്രവർത്തകർക്ക് മുന്നിൽ വികാരാധീനനായതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് നടക്കാനിരിക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും യുഡിഎഫ് യോഗത്തിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കുകയാണ്. നിലവിൽ തിരുവനന്തപുരത്തെ വസതിയിൽ ഇല്ലാത്ത അദ്ദേഹം നാളെ മലയാള മാസം ഒന്നാം തീയതിയായതിനാൽ ഗുരുവായൂർ ദർശനത്തിനായി പോയതാണെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം, ചെന്നിത്തല വസതിയിലില്ലെന്ന വിവരം അദ്ദേഹത്തിന്റെ അടുത്ത അനുയായിയും പത്തനാപുരത്ത് നിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥിയുമായ ജ്യോതികുമാർ ചാമക്കാല സ്ഥിരീകരിച്ചു. രാവിലെ അൻവർ സാദത്ത്, ടി.ജെ. വിനോദ് തുടങ്ങിയ നേതാക്കളും ചെന്നിത്തലയുടെ വസതിയിൽ എത്തിയിരുന്നു. ചെന്നിത്തലയുടെ ഈ നീക്കം വരും ദിവസങ്ങളിൽ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കും.
