അങ്കമാലി വാഹനാപകടം: മുഖ്യപ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ

 അങ്കമാലി വാഹനാപകടം: മുഖ്യപ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ

എറണാകുളം:

അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനി ജസ്‍ലിയ ജോൺസൺ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ആറ് ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. സിറിയക് ജോർജിനെ പൊലീസ് പിടികൂടി. ഇടുക്കി വാഗമണ്ണിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ പരിശോധനയ്ക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന് ശേഷം മകനെ രക്ഷപ്പെടാൻ പ്രേരിപ്പിക്കുകയും സുരക്ഷിതമായ ഒളിത്താവളം ഒരുക്കാൻ സൗകര്യമൊരുക്കുകയും ചെയ്തതിനാണ് പിതാവിനെതിരെ നടപടിയെടുത്തത്. പ്രതിക്കായി പൊലീസ് നേരത്തെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

ഫെബ്രുവരി 28-നാണ് അങ്കമാലി മോണിങ് സ്റ്റാർ ഹോംസയൻസ് കോളജ് വിദ്യാർത്ഥിനിയായ ജസ്‍ലിയയെ സിറിയക് ഓടിച്ചിരുന്ന കാർ ഇടിച്ചുതെറിപ്പിച്ചത്. പാർട്ട് ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുപോവുകയായിരുന്ന ജസ്‍ലിയയെ കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജസ്‍ലിയ ഈ മാസം മൂന്നിനാണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തിന് ശേഷം പരിക്കേറ്റവരെ സഹായിക്കാൻ നിൽക്കാതെ പ്രതി സംഭവസ്ഥലത്തുനിന്ന് അതിവേഗം രക്ഷപ്പെടുകയായിരുന്നു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ ജസ്‍ലിയയുടെ കുടുംബവും നാട്ടുകാരും വലിയ പ്രതിഷേധത്തിലായിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News