കൂത്തുപറമ്പ് മാലൂരിൽ അഞ്ച് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ; പ്രതിയെ റിമാൻഡ് ചെയ്തു
കൂത്തുപറമ്പ്:
മാലൂർ, തോലമ്പ്ര മേഖലകളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ വ്യാജമദ്യ വേട്ട. വിൽപ്പനക്കായി സൂക്ഷിച്ച അഞ്ച് ലിറ്റർ ചാരായവുമായി മാലൂർ കൂവക്കര സ്വദേശി എൻ. വിനോദ്കുമാറിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ സി.പി. ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരു ലിറ്റർ വീതം കൊള്ളുന്ന അഞ്ച് പ്ലാസ്റ്റിക് കുപ്പികളിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.
അറസ്റ്റ് ചെയ്ത വിനോദ്കുമാറിനെ കൂത്തുപറമ്പ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ അനീഷ് കുമാർ പൂവൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വി.എൻ. സതീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ടി.കെ. ബിൻസി, സിവിൽ എക്സൈസ് ഓഫീസർ സി. ജിജീഷ്, ഡ്രൈവർ ധനീഷ് എന്നിവരും പങ്കെടുത്തു.
മേഖലയിൽ വ്യാജമദ്യ വിതരണം ശക്തമാകുന്നതായുള്ള വിവരത്തെ തുടർന്ന് വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
