യുവതിയുടെ ലൈംഗികാതിക്രമ പരാതി: സസ്പെൻഷനിലുള്ള കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിനെതിരെ കര്‍ശന നിയമനടപടിക്ക് നീക്കം
തിരുവനന്തപുരം: സസ്പെൻഷനിലായ കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിനെതിരെ ഒരു യുവതി മുഖ്യമന്ത്രി പിണറായി വിജയന് ലൈംഗികാതിക്രമ പരാതി നൽകി. രാഹുലും യുവതിയും തമ്മിലുള്ള സംഭാഷണങ്ങളുടെ പുതിയ ഓഡിയോ റെക്കോർഡിങ്ങുകളും വാട്‌സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളിൽ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് യുവതിയുടെ നിർണ്ണായക നീക്കം.
ഇന്ന് വൈകിട്ട് നാലേകാലോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് യുവതി പരാതി നൽകിയത്. പരാതിയോടൊപ്പം എല്ലാ ഡിജിറ്റല്‍ തെളിവുകളും യുവതി മുഖ്യമന്ത്രിക്ക് കൈമാറി. അര മണിക്കൂറോളം യുവതിയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, തുടർനടപടികൾക്കായി പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.
മാസങ്ങൾക്കുമുമ്പ് മാങ്കൂട്ടത്തിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് യുവതി ഇപ്പോൾ നേരിട്ട് പരാതിയുമായി എത്തിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് പുറത്തുവന്ന പുതിയ ഓഡിയോ ക്ലിപ്പിൽ, യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് രാഹുല്‍ സംസാരിക്കുന്നത് കേൾക്കാം.
അന്വേഷണ നടപടികൾ ഊർജിതമാക്കി
മുമ്പ് പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളുടെയും ചാറ്റ് സന്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നേരത്തെ കേസെടുത്തിരുന്നെങ്കിലും, അന്ന് പരാതിക്കാരി നിയമപരമായി നേരിട്ട് മുന്നോട്ട് വന്നിരുന്നില്ല. എന്നാൽ, ഇന്ന് നിയമപരമായ പരാതി നൽകിയതോടെ രാഹുലിനെതിരേ കര്‍ശനമായ നിയമനടപടി അനിവാര്യമായിരിക്കുകയാണ്.
യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം ഉടൻ രേഖപ്പെടുത്തും. തുടർന്ന് ആവശ്യമെങ്കിൽ കോടതിയിൽ എത്തിച്ച് രഹസ്യമൊഴിയും രേഖപ്പെടുത്തും. മൊഴികളുടെ അടിസ്ഥാനത്തിലാകും രാഹുലിൻ്റെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുക.
പരാതി നൽകിയതിനെ തുടർന്ന് പാലക്കാട്ടുണ്ടായിരുന്ന രാഹുൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചു. എം.എൽ.എ. ഓഫിസ് പൂട്ടിയ നിലയിലാണ്. പ്രതികരണങ്ങൾ: രാഷ്ട്രീയപ്പോരും നിയമപോരാട്ടവും
“ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ബോധ്യം ഉള്ളിടത്തോളം കാലം നിയമപരമായി പോരാട്ടം തുടരും. നിയമക്കോടതിയിലും ജനകീയ കോടതിയിലും ഞാൻ എല്ലാം തെളിയിക്കും. സത്യം വിജയിക്കും,” എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഇരയായ യുവതിക്ക് പിന്തുണയുമായി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്, “പ്രിയ സഹോദരി, ധൈര്യം കൈവിടരുത്… കേരളം നിന്നോടൊപ്പമുണ്ട്,” എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.
സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിക്കാൻ വിസമ്മതിച്ചു. എന്നാൽ, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് “നിയമം നിയമത്തിൻ്റെ വഴിക്ക് മുന്നോട്ടു പോകട്ടെ” എന്ന് പ്രതികരിച്ചു.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രാഹുൽ ഒരു നിമിഷം പോലും എം.എൽ.എ. സ്ഥാനത്തു തുടരരുതെന്ന് ആവശ്യപ്പെട്ടു. പരാതി അതീവ ഗൗരവമുള്ളതാണെന്നും രാഹുൽ മാങ്കൂട്ടത്തിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി “പെൺകുട്ടി ആദ്യം പോലീസിനെ സമീപിക്കണമായിരുന്നു” എന്നും രാഹുൽ നിലവിൽ സസ്പെൻഷനിലുള്ള നേതാവാണെന്നും പ്രതികരിച്ചു. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പരാതി പോലീസിൽ ലഭിച്ച സ്ഥിതിക്ക് നിയമപരമായ നടപടി സ്വീകരിക്കട്ടെയെന്ന് പറഞ്ഞു.
നവംബറിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിലൂടെ എം.എൽ.എ. ആയ രാഹുൽ മാങ്കൂട്ടത്തിൽ, ഓഗസ്റ്റ് 25-ന് ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു.
