ദാരിദ്ര്യത്തോടു പൊരുതി നേടിയ വിജയം; സിവിൽ സർവീസിൽ 57-ാം റാങ്ക് തിളക്കവുമായി ശ്രീജ

 ദാരിദ്ര്യത്തോടു പൊരുതി നേടിയ വിജയം; സിവിൽ സർവീസിൽ 57-ാം റാങ്ക് തിളക്കവുമായി ശ്രീജ

തിരുവനന്തപുരം:

കഠിനാധ്വാനവും ആത്മവിശ്വാസവും കൂട്ടുപിടിച്ചാൽ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ജെ.എസ്. ശ്രീജ. ആദ്യ ശ്രമത്തിൽ തന്നെ 57-ാം റാങ്ക് കരസ്ഥമാക്കി സിവിൽ സർവീസ് പട്ടികയിൽ ഇടംപിടിച്ച ശ്രീജയുടെ നേട്ടം ഒരു നാടിന്റെയാകെ അഭിമാനമായി മാറി. കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകൾക്ക് മകൾ നൽകിയ മധുരപ്രതികാരമാണ് ഈ വിജയം.

ഇന്ത്യൻ ഫോറിൻ സർവീസിൽ (IFS) ചേരണമെന്ന ഉറച്ച ആഗ്രഹത്തോടെയാണ് ശ്രീജ പഠനം ആരംഭിച്ചത്. തന്റെ പഠനമുറിയിൽ ‘ശ്രീജ ഐഎഫ്എസ്’ എന്ന് മുൻകൂട്ടി എഴുതിവെച്ച് അതൊരു പ്രചോദനമാക്കിയായിരുന്നു ഈ മിടുക്കിയുടെ യാത്ര. കൃത്യമായ പ്ലാനിങ്ങോടെ ഓരോ ദിവസവും പഠിക്കേണ്ട ഭാഗങ്ങൾ പൂർത്തിയാക്കിയ ശേഷമേ ശ്രീജ ഉറങ്ങാറുള്ളൂ. ചെന്നൈ മദ്രാസ് ക്രിസ്റ്റ്യൻ കോളജിലെ ബിരുദ പഠനത്തിന് ശേഷം 2024-ലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.

മകളുടെ സ്വപ്നങ്ങൾക്കായി വീടുപണി പോലും മാറ്റിവെച്ച്, ലോണെടുത്തും ചിട്ടി പിടിച്ചും പണം കണ്ടെത്തിയ മാതാപിതാക്കളുടെ നിശ്ചയദാർഢ്യമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ശ്രീജ നന്ദിയോടെ സ്മരിക്കുന്നു. സൈക്കിളിൽ യാത്ര ചെയ്തും ചെലവുകൾ ചുരുക്കിയും മാതാപിതാക്കൾ നൽകിയ പിന്തുണയ്ക്ക് ദൈവം നൽകിയ പ്രതിഫലമാണിതെന്ന് ശ്രീജയുടെ അമ്മ പ്രതികരിച്ചു. ആദ്യ ശ്രമത്തിൽ തന്നെ ഉന്നത റാങ്ക് നേടിയ ശ്രീജയ്ക്ക് നരുവാമൂട് ഗ്രാമം വൻ വരവേൽപ്പിനൊരുങ്ങുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News