കോയമ്പത്തൂർ വാഹനാപകടം: രണ്ട് മലയാളി ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ മൂന്ന് മരണം
കോയമ്പത്തൂർ:
മധുക്കര ദേശീയപാതയിലെ ചാവടി മേൽപ്പാലത്തിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത്, പിരായിരി സ്വദേശി വിനീഷ് എന്നിവരാണ് മരിച്ച മലയാളികൾ. ഇവർക്കൊപ്പം ഒരു തമിഴ്‌നാട് സ്വദേശിയും അപകടത്തിൽ മരണപ്പെട്ടു.
ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ഊട്ടിയിൽ ഫോട്ടോഗ്രഫി ജോലി കഴിഞ്ഞ് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിലേക്ക്, എതിർദിശയിൽ നിന്നും നിയന്ത്രണം വിട്ടെത്തിയ മറ്റൊരു കാർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളും റോഡിൽ തലകീഴായി മറിഞ്ഞു. വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച യുവാക്കൾ ഉൾപ്പെടെ അഞ്ചംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
