ചാലിയാറിലെ തിരച്ചിലിന് വിരാമം: കാണാതായ ഗായകൻ യാഷിക്കിന്റെ മൃതദേഹം എടവണ്ണയിൽ കണ്ടെത്തി
BY: MAHMOODIA MALAPPURAM
മലപ്പുറം: ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മമ്പാട് ബീമ്പുങ്ങൽ സ്വദേശി പനയംതെടിക യാഷിക്കിന്റെ (33) മൃതദേഹം കണ്ടെത്തി. നാല് ദിവസമായി തുടർച്ചയായി നടത്തിവന്ന വ്യാപകമായ തിരച്ചിലിനൊടുവിൽ ഇന്ന് എടവണ്ണ ഭാഗത്തുനിന്നാണ് അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് മൃതദേഹം കണ്ടെടുത്തത്. പ്രശസ്തനായ ഒരു പ്രാദേശിക ഗായകൻ കൂടിയായ യാഷിക്കിന്റെ വിയോഗവാർത്ത പ്രദേശവാസികളെ ഒന്നടങ്കം വൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ചാലിയാർ പുഴയിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കനത്ത മഴയെ തുടർന്ന് പുഴയിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ യാഷിക്കും സുഹൃത്തുക്കളും അപകടത്തിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അനീസും സാജിദും അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടെങ്കിലും, ഒഴുകിവന്ന മരത്തിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ച യാഷിക് ശക്തമായ ഒഴുക്കിൽപ്പെട്ട് താഴ്ന്നുപോവുകയായിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ നിലമ്പൂർ, തിരുവാലി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന, ഇ.ആർ.എഫ് രക്ഷാപ്രവർത്തകർ, പൊലീസ്, ട്രോമാകെയർ വളണ്ടിയർമാർ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ഓടായിക്കൽ കടവ് മുതൽ കവണക്കല്ല് റെഗുലേറ്റർ വരെയുള്ള ഭാഗങ്ങളിൽ വിപുലമായ തിരച്ചിൽ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം മൃതദേഹത്തിന് സമാനമായ രൂപം കീഴുപറമ്പ് ഭാഗത്ത് ഒഴുകിപ്പോകുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ മേഖലകളിലും പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്ന് എടവണ്ണ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്താനായത്.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
