വയനാട് തുരങ്കപാത മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; തിരച്ചിൽ ഊർജിതം

 വയനാട് തുരങ്കപാത മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; തിരച്ചിൽ ഊർജിതം

വയനാട്:

കള്ളാടിയിലെ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പശ്ചിമബംഗാൾ ഈസ്റ്റ് മിഡ്നാപൂർ സ്വദേശിയും സർവേയറുമായ രാകേഷ് ഗുച്ചൈതിൻ്റെ (24) മൃതദേഹമാണ് നാലാം ദിവസം നടത്തിയ തീവ്രമായ തെരച്ചിലിനൊടുവിൽ കണ്ടെടുത്തത്.

മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.

അതേസമയം, അപകടത്തിൽ കാണാതായ ഹിമാചൽപ്രദേശ് സ്വദേശിയായ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

കൂടുതൽ കാര്യക്ഷമമായ പരിശോധനയ്ക്കായി അപകടസ്ഥലത്തെ വലത്, ഇടത് എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. മണ്ണിൽ പുതഞ്ഞുകിടക്കുന്നവരെ കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച കഡാവർ നായ്ക്കളുടെ സേവനവും തിരച്ചിലിനായി വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. നായ്ക്കൾ മണം പിടിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കാനാണ് രക്ഷാപ്രവർത്തകരുടെ തീരുമാനം.

നിലവിൽ ഒരു ഭാഗത്തേക്ക് മാത്രമാണ് മണ്ണ് മാറ്റിക്കൊണ്ടിരിക്കുന്നത്. ഇതിന് പകരം ചൂരൽമല, മേപ്പാടി എന്നീ രണ്ട് ഭാഗങ്ങളിലേക്കും അതിവേഗം മണ്ണ് നീക്കി പരിശോധന നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. മലപോലെ കൂടിക്കിടക്കുന്ന വൻ മൺകൂന എത്രയും വേഗം മാറ്റാൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. പ്രദേശത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News