വയനാട് കള്ളാടി മണ്ണിടിച്ചിൽ: അഞ്ച് പേർക്കായി തെരച്ചിൽ തുടരുന്നു; മുഖ്യമന്ത്രി ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും
കൽപ്പറ്റ:
വയനാട് കള്ളാടിയിലുണ്ടായ അതിദാരുണമായ മണ്ണിടിച്ചിലിൽ കാണാതായ അഞ്ച് കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാർക്കായുള്ള തെരച്ചിൽ രണ്ടാം ദിവസവും ഊർജിതമായി തുടരുന്നു. റവന്യൂ വകുപ്പിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന. മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ദുരന്തബാധിത പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.
റോഡിലും പാലത്തിലും അടിഞ്ഞുകൂടിയ ടൺ കണക്കിന് മണ്ണ് രാത്രിയോടെ തന്നെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പൂർണ്ണമായി നീക്കം ചെയ്തിരുന്നു. രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ദുരന്തഭൂമിയെ ശാസ്ത്രീയമായി നാല് സോണുകളായി തിരിച്ചാണ് നിലവിൽ പരിശോധന നടത്തുന്നത്. ഓരോ സോണിനും പ്രത്യേക ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. മണ്ണടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച കെഡാവർ നായ്ക്കളുടെ സേവനവും പ്രദേശത്ത് ലഭ്യമാക്കിയിട്ടുണ്ട്.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് ടണൽ നിർമ്മാണ തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ പാൽ (37), ബിഹാർ സ്വദേശി ബികാഷ് കുമാർ സിങ് (40), ജാർഖണ്ഡ് സ്വദേശി അൻമോൻ ഡോഡറെ (25) എന്നിവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എംബാം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ എയർലിഫ്റ്റ് വഴി ജന്മനാടുകളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ അധികൃതർ പൂർത്തിയാക്കി.
അപകടത്തിൽ കാണാതായ എം. ഡി. ഇംമ്രാൻ, ബിക്രം സിങ് റാണ, രാഹുൽ ശർമ, രാകേഷ്, അൻസാരി എന്നിവർക്കായുള്ള തെരച്ചിലാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ് വിംസ് ആശുപത്രിയിലും മറ്റ് ദുരിതാശ്വാസ കേന്ദ്രങ്ങളിലുമായി നിരവധിപേർ ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റവർക്ക് അടിയന്തരവും മികച്ചതുമായ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കൽ സംഘത്തെ ദുരന്തമേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
