ഉറക്കക്കുറവും അമിത ഉറക്കവും ഡിമെൻഷ്യ സാധ്യത വർദ്ധിപ്പിക്കുന്നു; പുതിയ പഠന റിപ്പോർട്ട്
ന്യൂയോർക്ക്:
മതിയായ ശാരീരിക അധ്വാനവും കൃത്യമായ ഉറക്കവും ഡിമെൻഷ്യ അഥവാ മറവിരോഗം തടയുന്നതിൽ നിർണ്ണായകമാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കാനഡയിലെ യോർക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ജീവിതശൈലിയിലെ മാറ്റങ്ങൾ മസ്തിഷ്ക ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്തിയത്. ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവരിൽ ഡിമെൻഷ്യ സാധ്യത 18 ശതമാനവും, എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ ഇത് 28 ശതമാനവും വർദ്ധിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ദിവസവും എട്ട് മണിക്കൂറിലധികം തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരിലും ഡിമെൻഷ്യ സാധ്യത 27 ശതമാനം കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ‘പ്ലോസ് വൺ’ (PLOS One) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് പ്രകാരം, കൃത്യമായ വ്യായാമം ശീലമാക്കുന്നവരില് രോഗസാധ്യത 25 ശതമാനം വരെ കുറയ്ക്കാനാകും. മധ്യവയസ്കരിലും പ്രായമായവരിലും ഒരുപോലെ ഈ മാറ്റങ്ങൾ ഫലപ്രദമാണെന്നും പഠനം പറയുന്നു.
ലോകമെമ്പാടും 5.5 കോടിയിലധികം ആളുകൾ ഡിമെൻഷ്യ ബാധിതരാണെന്നാണ് കണക്കുകൾ. നിലവിൽ ഈ രോഗത്തിന് പൂർണ്ണമായ ചികിത്സ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, ഭക്ഷണക്രമം, വ്യായാമം, കൃത്യമായ ഉറക്കം തുടങ്ങിയ മാറ്റങ്ങൾ വരുത്തുന്നത് രോഗത്തെ തടയാനുള്ള പ്രധാന മാർഗ്ഗമായി ഗവേഷകർ നിർദ്ദേശിക്കുന്നു. വെറുതെ വ്യായാമം ചെയ്താൽ മാത്രം പോരെന്നും, പകൽ സമയത്ത് ദീർഘനേരം ഒരേയിടത്ത് ഇരിക്കുന്നത് ഒഴിവാക്കി ചെറിയ ചലനങ്ങൾ ഉറപ്പാക്കണമെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. അക്കിൻകുൻലെ ഒയെ-സോംഫൺ പറഞ്ഞു.
