ഇസ്ലാമാബാദ് ചർച്ച: യുഎസ് നിലപാട് മാറ്റണം; മുന്നറിയിപ്പുമായി ഇറാൻ ഉപരാഷ്ട്രപതി
ഇസ്ലാമാബാദിൽ നടക്കുന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് (സി) എത്തുന്നു.
ഇസ്ലാമാബാദ്:
അമേരിക്കയുമായി പാകിസ്താനിൽ നടക്കാനിരിക്കുന്ന നിർണ്ണായക ചർച്ചകൾക്ക് മുന്നോടിയായി കടുത്ത നിലപാടുമായി ഇറാൻ. ചർച്ചകളുടെ വിജയം വാഷിംഗ്ടണിന്റെ മുൻഗണനകളെ ആശ്രയിച്ചിരിക്കുമെന്ന് ഇറാൻ ഒന്നാം ഉപരാഷ്ട്രപതി മുഹമ്മദ് റെസ ആരിഫ് വ്യക്തമാക്കി. ഇസ്ലാമാബാദിലെ ചർച്ചകളിൽ യുഎസ് പ്രതിനിധികൾ ‘അമേരിക്ക ഫസ്റ്റ്’ (അമേരിക്കയ്ക്ക് പ്രഥമ പരിഗണന) എന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ ഇരുപക്ഷത്തിനും ഗുണകരമായ കരാർ സാധ്യമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
എന്നിരുന്നാലും, അമേരിക്ക ‘ഇസ്രായേൽ ഫസ്റ്റ്’ എന്ന സമീപനത്തിലേക്കാണ് മാറുന്നതെങ്കിൽ ചർച്ചകൾ പരാജയപ്പെടുമെന്ന് ആരിഫ് മുന്നറിയിപ്പ് നൽകി. അത്തരമൊരു സാഹചര്യമുണ്ടായാൽ കരാർ ഉണ്ടാകില്ലെന്ന് മാത്രമല്ല, ഇറാൻ തങ്ങളുടെ പ്രതിരോധ നടപടികൾ മുൻപത്തേക്കാൾ ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ലോകത്തിന് വലിയ വില നൽകേണ്ടി വരുന്ന സാഹചര്യമുണ്ടാക്കുമെന്നും ഇറാൻ ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു.
മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയാകുമ്പോൾ, അമേരിക്കൻ പ്രതിനിധി സംഘത്തിന്റെ നിലപാട് എന്തായിരിക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്. ഇറാനുമേലുള്ള ഉപരോധങ്ങളും പ്രാദേശിക സുരക്ഷാ വിഷയങ്ങളും ചർച്ചകളിൽ പ്രധാന വിഷയങ്ങളായേക്കും.
