വാഴ 2-ഞാൻ കണ്ട സിനിമ

 വാഴ 2-ഞാൻ കണ്ട സിനിമ

——‐——————————————

 പ്രവീൺ

ചില സിനിമകൾ അങ്ങിനെയാണ്. കണ്ണിനും കാതിനും ആനന്ദം നൽകി, ഒരുപാട് പൊട്ടിചിരിപ്പിച്ച്, പെട്ടെന്നായിരിക്കും ഒരു ട്വിസ്റ്റ്. നൊമ്പരത്തിന്റെയും നഷ്ടപ്പെടലിന്റെയും ഒറ്റപ്പെടലിന്റെയും നിസ്സഹായതയിലേക്ക്, ജീവിതത്തിൻറെ പരുപരുത്ത യാഥാർത്ഥ്യങ്ങളിലേക്ക്, 

സ്നേഹിക്കാൻ മറന്നുപോയ സാഹോദര്യ സ്നേഹത്തിൻറെ തിരിച്ചുകിട്ടാത്ത കാലത്തിൻറെ അനിവാര്യതയിലേക്ക്. ആ തിരിച്ചറിവിൻറെ സമയം നൊമ്പരങ്ങൾ ഉള്ളിലൊതുക്കി ഒരു ചോദ്യം അവശേഷിപ്പിക്കും-ഈ കഥ എന്റെ ജീവിതമല്ലേ പറയുന്നത്? ആ ഒരു ചോദ്യം നമ്മുടെ മനസ്സിൽ ഉയർത്താനായി എന്നതാണ് വാഴ-2 എന്ന ഈ സിനിമയുടെ വിജയം!

ആവറേജ് അല്ലെങ്കിൽ അതിന് താഴെ പഠനനിലവാരമുള്ള ചില കൂട്ടുകാരുടെ ദിനങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും ആണ് ഈ സിനിമ യാത്ര തുടരുന്നത്. അവർക്ക് ചുറ്റും അവരുടെ ഫ്രണ്ട്സും പ്രണയവും ശത്രുക്കളും അടിയും ആഘോഷവും ആട്ടവും പാട്ടും എല്ലാം ചേർന്ന് അതിമനോഹര കൗമാര കാലത്തിൻറെ കുസൃതിയിലൂടെ ഒരു മുഷിവുമില്ലാതെ കഥ മുന്നോട്ടുപോകുമ്പോൾ, അറിയാതെ ഓരോ പ്രേക്ഷകനും അവൻറെ കൗമാര കാലത്തിൻറെ ഓർമ്മകളിലേക്ക് പോകുന്ന അവസ്ഥ മനോഹരം തന്നെ…

കേട്ടറിഞ്ഞ ഗൾഫ് ജീവിതത്തിന്റെ സുഖലോലുപതയിൽ നിന്ന് ഇന്നത്തെ ഗൾഫ് ജീവിതത്തിൻറെ ചുട്ടുപൊള്ളുന്ന യാഥാർത്ഥ്യവും പുത്തൻ തലമുറയുടെ യുകെ എന്ന പൊതുപ്രതീക്ഷയുടെ വെല്ലുവിളികളും മറുനാട്ടിൽ എത്തിയാൽ എന്ത് ജോലിയും ചെയ്യാൻ എപ്പോഴും ഒരു വിളിപ്പാടകലെ മനസ്സിൽ നന്മ സൂക്ഷിക്കുന്ന ഒരു മലയാളി ഉണ്ടാവുമെന്നും തുറന്നു കാണിക്കുമ്പോൾ മനസ്സിൽ ഉയരുന്ന ഒരു ആധിയുണ്ട്- ഇനിയെന്ത് ? അതിജീവനത്തിന്റെ പുത്തൻ വഴിയേത്..? 

ഉത്തരം കിട്ടുന്നില്ല. തൊഴിലില്ലായ്മയുടെയും ഉത്തരവാദിത്വബോധത്തിന്റെയും ഇടയിലൂടെ ഒരു നൂൽപ്പാലത്തിലെന്നപോലെ സഞ്ചരിച്ചാൽ മാത്രമേ ലക്ഷ്യത്തിൽ എത്തു എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും കാലവും പ്രായവും ഒരുപാട് കടന്നുപോയിട്ടുണ്ടാവും. നഷ്ടബോധം ബാക്കി വയ്ക്കുന്ന ഒരിക്കലും തിരിച്ചു വരാത്ത ആ ഒരു കാലത്തിന് ഒരു റീവൈൻഡ് ഉണ്ടെങ്കിൽ കൈവിട്ടുപോയ പലതിനെയും തിരിച്ചുപിടിച്ച് വിജയിപ്പിക്കാമായിരുന്നു എന്ന തോന്നൽ ഉയർത്തുന്ന ശിഷ്ടകാലം.

ഈ സിനിമ ഒരുപാട് ചിരികളും ബഹളങ്ങളും സമ്മാനിക്കുന്നതിനേക്കാൾ ഉപരി ഒരുപാട് ചിന്തകൾ, സാമൂഹ്യ നേർക്കാഴ്ചകൾ എന്നിവ കൂടി സമ്മാനിക്കുന്നു. അതായിരിക്കാം സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ചെറുനൊമ്പരം ബാക്കിവച്ച് ഹൃദയത്തിൽ ഒരു സ്ഥാനം നിലനിർത്താൻ കാരണം.

അധ്യാപകർക്കുമുണ്ട് വലിയ പ്രത്യേകത. കണ്ടു മറന്ന ശീലങ്ങളും അതിൽ തന്നെ കുറ്റപ്പെടുത്താനും ശിക്ഷിക്കാനും താൽപര്യം കാണിക്കുന്ന ഒരു വലിയ വിഭാഗം അധ്യാപകരും ഇന്നത്തെ കാലത്തിൻറെ സംഭാവനയാണെന്ന് പറയാതെ വയ്യ. ചില ഒറ്റപ്പെട്ട അധ്യാപകർ എല്ലാ സ്കൂളുകളിലും ഉണ്ടാവും. കുട്ടികളെ കുട്ടികളായി കാണാനും അവർക്ക് സപ്പോർട്ട് ചെയ്യുന്ന മനസ്സുമായി-എല്ലാം മനോഹരമായിരിക്കുന്നു. 

അവരെ അവതരിപ്പിച്ച സീനിയർ അഭിനേതാക്കൾ സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. 

താരതമ്യേന പുതുമുഖ നായകന്മാർ എന്ന് വിശേഷിപ്പിക്കാവുന്ന കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും വളരെ സ്വാഭാവികമായ അഭിനയം കാഴ്ച വച്ചിരിക്കുന്നു.

പ്രത്യേകിച്ച് യുകെയിൽ എന്ത് ജോലിയും ചെയ്യാൻ തയ്യാറായി വളരെ കുറച്ചു സീനുകളിൽ മാത്രമായി വന്നുപോകുന്ന ദൈവത്തിൻറെ പ്രതിരൂപം എന്ന് വിശേഷിപ്പിച്ച കഥാപാത്രം മുതൽ, കുട്ടികളുടെ മാതാപിതാക്കളായി വന്നുപോകുന്ന കഥാപാത്രങ്ങൾവരെ പ്രതിഭ തെളിയിക്കുന്ന നിരവധി അഭിനേതാക്കളെ അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ.അതോടൊപ്പം കഥാഗതിയെ മുഷിവില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ പിടിച്ചിരുത്തുന്ന സംഗീതവും, പാശ്ചാത്തല സംഗീതവും.

ഒരു നല്ല സ്ക്രിപ്റ്റ് ഒരു നല്ല സമൂഹത്തിൻറെ അടിത്തറ രൂപപ്പെടുത്തുന്നു ഈ സിനിമയിലൂടെ എന്ന് വിശേഷിപ്പിക്കാവുന്ന കയ്യൊതുക്കമുള്ള രചനാശൈലി. പ്രണയത്തേക്കാളുപരി ഫ്രണ്ട്ഷിപ്പിന് പ്രാധാന്യം നൽകുന്നതോടൊപ്പം ഈ ലോകം നിലനിൽക്കുന്നത് അഥവാ നിലനിൽക്കേണ്ടത് സ്നേഹമെന്ന ഒരദൃശ്യ ശക്തിയുടെ ചേർത്തുപിടിക്കിലാണെന്നും അതിൻറെ അടിസ്ഥാനം മാതാപിതാക്കളോടുള്ള കടപ്പാടും സ്നേഹവും കാത്തുസൂക്ഷിക്കുന്ന സ്വന്തം കുടുംബത്തിൽ നിന്നാണെന്ന ഓർമ്മപ്പെടുത്തലോടെ സിനിമ അവസാനിക്കുമ്പോൾ കൈയ്യടി ഉയരുകയാണ്.

കുട്ടികൾ കളിച്ചു വളരട്ടെ...

പഠിച്ചു മുന്നേറട്ടെ..

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News