വിദേശത്തുനിന്ന് കഞ്ചാവ് കടത്താൻ ശ്രമം: മുൻ മിസിസ് കേരള റണ്ണറപ്പ് മുംബൈയിൽ പിടിയിൽ
മുംബൈ:
ബാങ്കോക്കിൽ നിന്നും കോടികൾ വിലമതിക്കുന്ന ഹൈഡ്രോഫോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള റണ്ണറപ്പ് മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. മോഡലും തൃശൂർ സ്വദേശിയുമായ ഹർഷ സണ്ണി (28) ആണ് മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്. ഇവരിൽ നിന്ന് 11 കിലോഗ്രാം ഹൈഡ്രോഫോണിക് കഞ്ചാവ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.ജൂൺ പത്തിന് അർധരാത്രി ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് (TG-351) ഹർഷ മുംബൈയിൽ എത്തിയത്. വിമാനത്താവളത്തിലെ പരിശോധനകൾക്കിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഹർഷയെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇവരുടെ ട്രോളി ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 12 സീൽ ചെയ്ത പാക്കറ്റുകൾ കണ്ടെത്തിയത്.
