മന്ത്രിമാരായി ആരൊക്കെ? യുഡിഎഫിൽ ചർച്ചകൾ സജീവം; മന്ത്രിസഭയിൽ പിടിമുറുക്കാൻ കെ.സി. വേണുഗോപാൽ പക്ഷം

തിരുവനന്തപുരം:
നിയുക്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ, പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഔദ്യോഗിക ചർച്ചകൾക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനവും കോൺഗ്രസിനുള്ളിലെ വകുപ്പ് വിതരണവുമാണ് ചർച്ചകളിലെ പ്രധാന അജണ്ട. അഞ്ച് എം.എൽ.എമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുള്ളത്.
ഇതനുസരിച്ച് കോൺഗ്രസിന് മുഖ്യമന്ത്രി പദവി കൂടാതെ 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയും ലഭിക്കാനാണ് സാധ്യത. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് മന്ത്രിപദവികൾ വേണമെന്ന ഉറച്ച നിലപാടിലാണ് മുസ്ലിം ലീഗ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ കേരള കോൺഗ്രസ് (ജേക്കബ്) പ്രതിനിധി അനൂപ് ജേക്കബ്, സി.എം.പിയിലെ സി.പി. ജോൺ എന്നിവരും മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നാണ് സൂചന.
അതേസമയം, മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ കടുത്ത അതൃപ്തിയിലുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഹൈക്കമാൻഡ് സജീവമാക്കിയിട്ടുണ്ട്. ആഭ്യന്തരം ഉൾപ്പെടെയുള്ള ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിലൊന്ന് നൽകി അദ്ദേഹത്തെ മന്ത്രിസഭയുടെ ഭാഗമാക്കാനാണ് കോൺഗ്രസ് ശ്രമം. മറുഭാഗത്ത്, മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ കെ.സി. വേണുഗോപാൽ ഗ്രൂപ്പ് പരമാവധി പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി പിടിമുറുക്കാനുള്ള നീക്കത്തിലാണ്. ചർച്ചകൾക്ക് നേതൃത്വം നൽകാൻ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിക്കൊപ്പം കെ.സി. വേണുഗോപാലും തിരുവനന്തപുരത്തെത്തും.
അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലക്ഷ്യമിടുന്ന മുസ്ലിം ലീഗിൽ പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ള മറ്റ് പ്രമുഖർ. പാലക്കാട് ജില്ലയ്ക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ എൻ. ഷംസുദ്ദീനെയും, അഞ്ചാമതൊരു മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ കാസർകോട് നിന്നുള്ള എ.കെ.എം. അഷ്റഫിനെയും പരിഗണിച്ചേക്കും. ഇതുകൂടാതെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരുടെ പേരുകളും ലീഗിന്റെ ചർച്ചകളിലുണ്ട്. വരുംദിവസങ്ങളിൽ ചർച്ചകൾ പൂർത്തിയാക്കി അന്തിമ മന്ത്രിസഭാ പട്ടിക പുറത്തുവിടുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.
