റെയിൽവേ നിയമങ്ങൾ കടുപ്പിക്കുന്നു: ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർക്കുള്ള പിഴ 2500 രൂപയായി ഉയർത്തി;

 റെയിൽവേ നിയമങ്ങൾ കടുപ്പിക്കുന്നു: ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർക്കുള്ള പിഴ 2500 രൂപയായി ഉയർത്തി;

ന്യൂസ് ഡെസ്ക്:

രാജ്യത്തെ ട്രെയിനുകളിലെ വനിതാ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ സുപ്രധാന നിയമഭേദഗതി നടപ്പിലാക്കുന്നു. ട്രെയിനുകളിലെ വനിതാ സംവരണ കോച്ചുകളിലോ കമ്പാർട്ടുമെന്റുകളിലോ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്കുള്ള പിഴത്തുക റെയിൽവേ കുത്തനെ വർധിപ്പിച്ചു. പുതിയ നിയമപ്രകാരം ലേഡീസ് കോച്ചിൽ പ്രവേശിക്കുന്ന പുരുഷന്മാർക്ക് ഇനി മുതൽ 2500 രൂപ പിഴ ചുമത്തും. ജൻ വിശ്വാസ് ആക്ട്, 2026 പ്രകാരം ജൂൺ 20 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. റെയിൽവേ ആക്ടിലെ സെക്ഷൻ 162 ന് കീഴിലുള്ള കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുക മുൻപുണ്ടായിരുന്ന 500 രൂപയിൽ നിന്നാണ് ഇപ്പോൾ 2500 രൂപയായി ഉയർത്തിയിരിക്കുന്നത്.

യാത്രയ്ക്കിടയിൽ വനിതാ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവേയുടെ ഈ നിർണായക നീക്കം. രാജ്യത്തുടനീളമുള്ള ലോക്കൽ, പാസഞ്ചർ ട്രെയിനുകളിൽ വനിതകൾക്കായി പ്രത്യേക അൺറിസർവ്ഡ് കോച്ചുകളും കമ്പാർട്ടുമെന്റുകളും റെയിൽവേ അനുവദിക്കാറുണ്ട്. ഇതിനുപുറമെ പ്രമുഖ നഗരങ്ങളിലെ സബർബൻ റൂട്ടുകളിൽ വനിതകൾക്കായി മാത്രം പ്രത്യേക ട്രെയിൻ സർവീസുകളും നിലവിലുണ്ട്. വനിതകൾക്കായി നീക്കിവെച്ചിട്ടുള്ള ഇത്തരം കോച്ചുകളിൽ പുരുഷന്മാർ പ്രവേശിക്കുന്നതും സീറ്റുകളിൽ ഇരിക്കുന്നതും റെയിൽവേ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. നിയമലംഘനങ്ങൾക്ക് പിഴയ്ക്ക് പുറമെ തടവുശിക്ഷയും ലഭിക്കാം. വനിതാ കോച്ചുകളിൽ പുരുഷന്മാർ പ്രവേശിക്കുന്നത് തടയാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) പ്രത്യേക പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. പുരുഷന്മാർക്ക് യാത്ര ചെയ്യാൻ മറ്റ് ബദൽ കമ്പാർട്ടുമെന്റുകളോ ട്രെയിനുകളോ ലഭ്യമാണെന്നും, അതിനാൽ യാതൊരു കാരണവശാലും ലേഡീസ് കമ്പാർട്ടുമെന്റുകളിൽ പ്രവേശിച്ച് നിയമനടപടികൾ ഇരന്നുവാങ്ങരുതെന്നും റെയിൽവേ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News