അമ്മയിൽ വൻ പൊട്ടിത്തെറി: ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയവുമായി ഒരു വിഭാഗം അംഗങ്ങൾ; ഒപ്പുശേഖരണം തുടങ്ങി

 അമ്മയിൽ വൻ പൊട്ടിത്തെറി: ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയവുമായി ഒരു വിഭാഗം അംഗങ്ങൾ; ഒപ്പുശേഖരണം തുടങ്ങി

കൊച്ചി:

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA) ഭരണസമിതിക്കെതിരെ കടുത്ത അതൃപ്തിയുമായി ഒരു വിഭാഗം അംഗങ്ങൾ രംഗത്ത്. നിലവിലെ നേതൃത്വം സംഘടനയ്ക്ക് വലിയ രീതിയിൽ അവമതിപ്പുണ്ടാക്കിയെന്നും വരുത്തിയ തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ആഭ്യന്തര തർക്കങ്ങളും വഴക്കുകളും പരിഹരിക്കാൻ നേതൃത്വത്തിന് സാധിച്ചില്ലെന്ന രൂക്ഷവിമർശനമാണ് പ്രമേയത്തിലുള്ളത്. കൊച്ചി കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിൽ ഇന്ന് നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഈ അവിശ്വാസ പ്രമേയം ഉന്നയിക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം. ഇതിനായി അംഗങ്ങൾക്കിടയിൽ വ്യാപകമായി ഒപ്പുശേഖരണം നടത്തിക്കഴിഞ്ഞു.

പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതാ ഭാരവാഹികൾ എത്തിയ ശേഷമുള്ള ആദ്യത്തെ വാർഷിക ജനറൽ ബോഡി യോഗമാണിത്. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമായി മാറി പുതിയൊരു നേതൃത്വം വരണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാടെങ്കിലും, പെട്ടെന്ന് വനിതാ നേതൃത്വത്തെ മാറ്റുന്നത് സംഘടനയുടെ പ്രതിച്ഛായയെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് മുതിർന്ന താരങ്ങൾ. ഭരണസമിതിയിലെ ചില അംഗങ്ങൾക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളിൽ പ്രസിഡന്റ് നിശബ്ദത പാലിച്ചെന്നും, വിവാദങ്ങളിൽ കൃത്യമായ നിലപാടോ നടപടികളോ സ്വീകരിച്ചില്ലെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.

സംഘടനയിലെ ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച നടി അൻസിബ ഹസ്സന് നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അൻസിബയ്ക്കെതിരെ അച്ചടക്ക നടപടി വേണമോ എന്ന കാര്യം ജനറൽ ബോഡിക്ക് വിടാനാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. അതേസമയം, ‘അമ്മ’യിൽ നിന്ന് തനിക്ക് കടുത്ത നീതിനിഷേധമാണ് നേരിടേണ്ടി വന്നതെന്ന് ആരോപിച്ച് ട്രഷറർ ഉണ്ണി ശിവപാൽ സംഘടനയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച വീഡിയോ സന്ദേശം പുറത്തുവന്നത് കൂടുതൽ പുകിലുണ്ടാക്കിയിട്ടുണ്ട്. ഓഫീസ് സ്റ്റാഫിന്റെ പരാതിയുമായി ബന്ധപ്പെട്ട് തന്റെ ഭാഗം കേൾക്കാൻ ഭാരവാഹികൾ തയ്യാറായില്ലെന്നും, തന്നെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നുമാണ് ഉണ്ണി ശിവപാലിന്റെ ആരോപണം. ജനറൽ ബോഡി യോഗത്തിൽ എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി. വൻ നാടകീയ നീക്കങ്ങൾക്കാണ് ഇന്ന് കൊച്ചിയിലെ ജനറൽ ബോഡി യോഗം സാക്ഷ്യം വഹിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News