സംസ്ഥാന ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി
BY:TSTVM
തിരുവനന്തപുരം:
സംസ്ഥാന ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി. കിഫ്ബി മുൻ സി.ഇ.ഒ. കെ.എം. എബ്രഹാമിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിൽ ചീഫ് സെക്രട്ടറി വഴിവിട്ട് ഇടപെട്ടെന്നാണ് പ്രധാന ആരോപണം. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലാണ് ചീഫ് സെക്രട്ടറിക്കെതിരെ വിജിലൻസിനും സർക്കാരിനും പരാതി നൽകിയത്. എ. ജയതിലകിന് പുറമെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ, കിഫ്ബി മുൻ സി.ഇ.ഒ കെ.എം. എബ്രഹാം എന്നിവർക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്.
2015-ൽ കെ.എം. എബ്രഹാം ധനകാര്യ വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജോമോൻ പുത്തൻപുരയ്ക്കൽ മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നത്. ഈ കേസിന്റെ തുടരന്വേഷണങ്ങളിലാണ് ഇപ്പോൾ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഇടപെട്ട് അട്ടിമറിക്ക് ശ്രമിച്ചെന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്.
സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് പിന്നാലെ കിഫ്ബി സി.ഇ.ഒ സ്ഥാനത്തുനിന്ന് കെ.എം. എബ്രഹാം രാജിവെച്ചിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു എബ്രഹാമിന്റെയും പടിയിറക്കം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ ബി. അശോക് ഐ.എ.എസ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ കിഫ്ബിയുടെ പ്രവർത്തനങ്ങളെയും കെ.എം. എബ്രഹാമിനെയും പരസ്യമായി വിമർശിച്ച് രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ പരാതി പ്രവാഹം.
