പൊലീസിൽ അഴിച്ചുപണി തുടങ്ങി; അസോസിയേഷൻ നേതാക്കളെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റി ഡിജിപിയുടെ പ്രത്യേക ഉത്തരവ്
BY:TS TVM
തിരുവനന്തപുരം:
സംസ്ഥാന പൊലീസിൽ അസോസിയേഷൻ നേതാക്കളെ കൂട്ടത്തോടെ സ്ഥലംമാറ്റിക്കൊണ്ട് ആഭ്യന്തരവകുപ്പിന്റെ അഴിച്ചുപണിക്ക് തുടക്കം. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും ക്രമസമാധാന ചുമതലയിലേക്ക് മാറ്റി ഡിജിപി പ്രത്യേക സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു.
കഴിഞ്ഞ 10 വർഷമായി യൂണിഫോം ധരിക്കാതെ സ്പെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തുവന്നിരുന്ന പ്രമുഖ നേതാക്കളെയാണ് ഇപ്പോൾ ഫീൽഡ് പോസ്റ്റിംഗിലേക്ക് മാറ്റിയിരിക്കുന്നത്. ഇടത് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ പ്രശാന്തിനെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല കൂടി ഉൾപ്പെടുന്ന തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീസർ (S.H.O) ആയി നിയമിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അദ്ദേഹം സ്പെഷ്യൽ ബ്രാഞ്ചിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്.
അസോസിയേഷൻ ജനറൽ സെക്രട്ടറി സി. ആർ. ബിജുവിനെ കൊച്ചി സിറ്റിയിലേക്കും സ്ഥലംമാറ്റിയിട്ടുണ്ട്. ഏറെ നാളുകളായി ഒരേ തസ്തികകളിൽ തുടർന്നിരുന്ന നേതാക്കളെ മാറ്റി നിയമിച്ചുകൊണ്ടുള്ള ഡിജിപിയുടെ ഈ പെട്ടെന്നുള്ള ഉത്തരവ് പൊലീസ് സേനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ സ്ഥലംമാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
