സത്യപ്രതിജ്ഞാവേദിയിൽ വിവിഐപിയായി തിളങ്ങിയ അമ്മാളുവമ്മ; മമ്മൂട്ടിയെ കാണിച്ച പഴയ ഓർമ്മ പങ്കുവെച്ച് സീമ ജി നായർ
BY : RISHI
തിരുവനന്തപുരം: പുതിയ വി. ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സദസ്സിലെ പ്രധാന ആകർഷണമായി മാറിയ പറവൂർ സ്വദേശി അമ്മാളുവമ്മയെക്കുറിച്ചുള്ള ഹൃദ്യമായ കുറിപ്പുമായി നടി സീമ ജി നായർ. മാസങ്ങൾക്ക് മുൻപ് അമ്മാളുവമ്മയ്ക്ക് മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിൽ കാണാൻ അവസരമൊരുക്കിയ പഴയ ഓർമ്മകൾ പങ്കുവെച്ചാണ് സീമ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ ചിത്രവും കയ്യിലേന്തിയാണ് അമ്മാളുവമ്മ എത്തിയത്.
വർഷങ്ങളായി മമ്മൂട്ടിയെ കാണാൻ കാത്തിരുന്ന അമ്മാളുവമ്മയുടെ ആഗ്രഹം പറവൂരിലുള്ള രാധിക വഴിയാണ് സീമ ജി നായർ അറിയുന്നത്. തുടർന്ന് നടി ഈ വിവരം നടൻ രമേശ് പിഷാരടിയെ അറിയിക്കുകയും, പിഷാരടിയുടെ ഇടപെടലിലൂടെ അമ്മാളുവമ്മയ്ക്ക് മമ്മൂട്ടിയെ നേരിൽ കാണാൻ സാധിക്കുകയുമായിരുന്നു. അന്ന് സമ്മാനങ്ങൾ നൽകിയാണ് മമ്മൂട്ടി തന്റെ പ്രിയ ആരാധികയെ യാത്രയാക്കിയത്.
തപസ്സ് പോലെയുള്ള ആരാധന
വെറുമൊരു താരാരാധനയായിരുന്നില്ല അമ്മാളുവമ്മയ്ക്ക് മമ്മൂട്ടിയോടെന്നും, മമ്മൂട്ടി അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് ഈ അമ്മ ഉറങ്ങിയിരുന്നതെന്നും സീമ ജി നായർ ഓർക്കുന്നു.
“ഇന്നലെ വീണ്ടും ടിവിയിൽ അമ്മാളുവമ്മയെ കാണുമ്പോൾ മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം മമ്മുക്കയുടെ ചിത്രവും ഉണ്ടായിരുന്നു. ആ ചടങ്ങു നടക്കുന്ന സ്ഥലത്തും ആ ചിത്രവുമായാണ് അവര് പോയത്. അത് കണ്ടപ്പോൾ അമ്മയുടെ ഒരു വലിയ സന്തോഷത്തിന് ഞാൻ ചെറിയ കാരണമായല്ലോ എന്നോർത്ത് അഭിമാനം തോന്നി. ഇതൊക്കെയാണ് ജീവിതത്തിലെ വലിയ സന്തോഷങ്ങൾ,” സീമ ജി നായർ തന്റെ കുറിപ്പിൽ വ്യക്തമാക്കി.
വി. ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേദിയിലും വിവിഐപി പരിഗണനയോടെ എത്തിയ അമ്മാളുവമ്മയെ രാഹുൽ ഗാന്ധിയും വി. ഡി. സതീശനും ചേർത്തുപിടിച്ചിരുന്നു. ആ വലിയ സന്തോഷങ്ങൾക്കിടയിലും തന്റെ പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രം നെഞ്ചോട് ചേർക്കാൻ അമ്മാളുവമ്മ മറന്നില്ല എന്നതാണ് ശ്രദ്ധേയം.
