വകുപ്പ് വിഭജനം വൈകുന്നത് ലീഗിന്റെ സമ്മർദ്ദം കാരണം; രമേശ് ചെന്നിത്തലയെ തഴഞ്ഞത് എന്ത് സന്ദേശമെന്ന് വി. മുരളീധരൻ എം.എൽ.എ

 വകുപ്പ് വിഭജനം വൈകുന്നത് ലീഗിന്റെ സമ്മർദ്ദം കാരണം; രമേശ് ചെന്നിത്തലയെ തഴഞ്ഞത് എന്ത് സന്ദേശമെന്ന് വി. മുരളീധരൻ എം.എൽ.എ

തിരുവനന്തപുരം:

പുതിയ സർക്കാർ അധികാരത്തിലെത്തി മൂന്ന് ദിവസമായിട്ടും വകുപ്പ് വിഭജനം പൂർത്തിയാക്കാൻ കഴിയാത്തത് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ കടുത്ത സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങിയതിനാലാണെന്ന് ബി.ജെ.പി നേതാവും എം.എ.എൽ.എയുമായ വി. മുരളീധരൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണയായി ആഭ്യന്തര മന്ത്രിക്ക് ലഭിക്കാറുള്ള രണ്ടാം സ്ഥാനം വി. ഡി. സതീശൻ സർക്കാർ മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിക്ക് നൽകിയിരിക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയത് എന്ത് സന്ദേശമാണ് നൽകുന്നതെന്നും വി. മുരളീധരൻ ചോദിച്ചു.

“തിണ്ണ നിരങ്ങൽ” പ്രയോഗം ഭൂരിപക്ഷ സമുദായങ്ങളോട് മാത്രം: വി. മുരളീധരൻ

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച വി. ഡി. സതീശൻ സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യം പോയത് ബിഷപ്പ് ഹൗസിലേക്കാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമി അമീറിനെ കാണാനും സതീശന് മടിയുണ്ടായില്ല.

  • വിവേചനം: ‘തിണ്ണ നിരങ്ങൽ’ പ്രയോഗം എസ്.എൻ.ഡി.പി, എൻ.എസ്.എസ് എന്നീ ഭൂരിപക്ഷ സമുദായ സംഘടനകളെ ഉദ്ദേശിച്ച് മാത്രമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
  • ശത്രുതാ മനോഭാവം: ഭൂരിപക്ഷ സമുദായ നേതാക്കളോടുള്ള സതീശന്റെ ശത്രുതാ മനോഭാവം അവസാനിപ്പിക്കണം.
  • സി.പി.എം നിലപാട്: വന്ദേമാതരത്തെ അപമാനിക്കുന്ന സി.പി.എം നിലപാട് അംഗീകരിക്കാനാവില്ല. പണ്ട് ബ്രിട്ടീഷുകാരാണ് വന്ദേമാതരത്തെ എതിർത്തതെങ്കിൽ ഇന്ന് ആ ജോലി സി.പി.എം ഏറ്റെടുത്തിരിക്കുകയാണ്.

മറ്റ് ആവശ്യങ്ങൾ: ശബരിമല നാമജപ പ്രതിഷേധത്തിൽ പങ്കെടുത്ത ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെങ്കിലും സമരത്തിന്റെ പേരിൽ ജനങ്ങൾക്കെതിരെ എടുത്ത കേസുകൾ കൂടി പിൻവലിക്കണം. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ബി.ജെ.പി ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയ്ക്കകത്ത് ജനങ്ങളുടെ ശബ്ദമാകും; എൻ.ഡി.എയ്ക്ക് ചരിത്ര നിമിഷം

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി എൻ.ഡി.എയുടെ മൂന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സഭാംഗങ്ങളായി ചുമതലയേറ്റ അഭിമാനകരമായ ദിവസമാണിതെന്ന് വി. മുരളീധരൻ പറഞ്ഞു. വിജയത്തിന് വഴിയൊരുക്കിയ കേരളത്തിലെ ജനങ്ങളോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന ‘വികസിത ഭാരതം’ എന്ന സ്വപ്നത്തിലേക്ക് കേരളത്തെ നയിക്കാൻ ഈ അവസരം ഉപയോഗിക്കുമെന്നും, സഭയ്ക്കകത്ത് ശക്തമായ ജനപക്ഷ ശബ്ദമായി പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News