മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിൽ പരിഭവമില്ല; രാത്രിയോടെ എ.കെ. ആന്റണിയെ കണ്ട് ചാണ്ടി ഉമ്മൻ
BY:TS TVM
തിരുവനന്തപുരം:
അവസാന നിമിഷത്തിൽ മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് ചാണ്ടി ഉമ്മൻ പരിഭവത്തിലാണ് എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ. തിരുവനന്തപുരത്തെ ആന്റണിയുടെ വസതിയിലെത്തിയ ചാണ്ടി ഉമ്മൻ അദ്ദേഹവുമായി അരമണിക്കൂറിലധികം നേരം കൂടിക്കാഴ്ച നടത്തി. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ച ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
എന്നാൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ തനിക്ക് യാതൊരുവിധ പരിഭവവുമില്ലെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
“ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം തന്നെ വേണം എന്ന് നിർബന്ധമില്ല. മറ്റ് സ്ഥാനങ്ങളെക്കാൾ വലിയൊരു പദവി ഇപ്പോൾത്തന്നെ തനിക്കുണ്ട്. ‘കേരളത്തിന്റെ മകൻ’ എന്ന സ്ഥാനമാണത്. ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയത്ത് പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞ് ജനങ്ങൾ മുദ്രാവാക്യം വിളിക്കുന്നത് കേട്ടപ്പോൾ അത് എനിക്ക് കൂടുതൽ ബോധ്യപ്പെട്ടു,” ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
മന്ത്രിസ്ഥാനം സംബന്ധിച്ച് അണികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ചർച്ചകൾ സജീവമായിരിക്കെയാണ് എ.കെ. ആന്റണിയുമായുള്ള ചാണ്ടി ഉമ്മന്റെ ഈ അപ്രതീക്ഷിത കൂടിക്കാഴ്ച.
