അപൂർവ്വ ഇനം എബോള വൈറസ് ബാധ: ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ജനീവ:
ആഫ്രിക്കൻ രാജ്യങ്ങളിൽ അതിവേഗം പടരുന്ന അപൂർവ്വ ഇനം എബോള വൈറസ് ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോ (Democratic Republic of Congo), ഉഗാണ്ട തുടങ്ങിയ മധ്യ ആഫ്രിക്കൻ രാജ്യങ്ങളിലാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോംഗോയിൽ മാത്രം 516 സംശയാസ്പദമായ കേസുകളും 33 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനോടകം 131 മരണങ്ങളാണ് ഈ രോഗബാധയുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. അയൽരാജ്യമായ ഉഗാണ്ടയിലും രണ്ട് കേസുകൾ സ്ഥിരീകരിച്ചു.
‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന് പേരിട്ടിരിക്കുന്ന അപൂർവ്വ ഇനം എബോള സ്ട്രെയിൻ ആണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്. കൂടുതൽ സാധാരണമായ ‘സയർ’ (Zaire) സ്ട്രെയിനെ അപേക്ഷിച്ച് ഇതിന് മരണനിരക്ക് കുറവാണെങ്കിലും (30% മുതൽ 40% വരെ), രോഗവ്യാപനത്തിന്റെ വേഗത ലോകാരോഗ്യ സംഘടനയെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിൽ ഈ സ്ട്രെയിനിനെതിരെ അംഗീകൃത വാക്സിനുകളോ മരുന്നുകളോ ലഭ്യമല്ല.
രോഗം പടരുന്ന വഴികൾ
എബോള വൈറസ് പ്രധാനമായും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും തുടര്‍ന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുമാണ് പടരുന്നത്.
- മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്: കാട്ടിലെ ഫ്രൂട്ട് ബാറ്റുകളിൽ (വവ്വാലുകൾ) നിന്നാണ് ഈ വൈറസ് ഉത്ഭവിക്കുന്നത്. എബോള ബാധിച്ച കുരങ്ങുകൾ, ചിമ്പാൻസികൾ, ഗൊറില്ലകൾ, മുള്ളൻപന്നികൾ, കാട്ടുമാനുകൾ എന്നിവയുടെ രക്തം, അവയവങ്ങൾ, മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ രോഗം മനുഷ്യരിലേക്ക് പകരുന്നു.
- മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്: രോഗബാധിതരായ ആളുകളുടെയോ അല്ലെങ്കിൽ രോഗം ബാധിച്ച് മരിച്ചവരുടെയോ രക്തം, സ്രവങ്ങൾ, മലമൂത്രവിസർജ്യങ്ങൾ എന്നിവയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് രോഗം പടരുന്നത്. രോഗിയുടെ ശരീരസ്രവങ്ങൾ പുരണ്ട വസ്ത്രങ്ങൾ, കിടക്കകൾ, മറ്റ് പ്രതലങ്ങൾ എന്നിവയിലൂടെയും വൈറസ് വ്യാപിക്കാം. ആശുപത്രി ജീവനക്കാർക്കും പരിചാരകർക്കുമാണ് ഇതിൽ കൂടുതൽ അപകടസാധ്യതയുള്ളത്.
ലക്ഷണങ്ങൾ
രോഗബാധയുണ്ടായി 8 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
- ആദ്യ ഘട്ടം (Dry Symptoms): കടുത്ത പനി, കടുത്ത തലവേദന, തൊണ്ടവേദന, കടുത്ത ക്ഷീണം, പേശികളിലും സന്ധികളിലും വേദന.
- രണ്ടാം ഘട്ടം (Wet Symptoms): രോഗം മൂർച്ഛിക്കുന്നതോടെ 4-5 ദിവസങ്ങൾക്ക് ശേഷം ഛർദ്ദി, വയറിളക്കം, കടുത്ത വയറുവേദന, വിശപ്പില്ലായ്മ, കരൾ-വൃക്ക പ്രവർത്തനങ്ങൾ തകരാറിലാകൽ എന്നിവ ഉണ്ടാകുന്നു. അവസാന ഘട്ടത്തിൽ ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ ഭാഗങ്ങളിൽ നിന്ന് അനിയന്ത്രിതമായി രക്തസ്രാവം ഉണ്ടാവുകയും മൾട്ടി-ഓർഗൻ പരാജയത്തിലേക്ക് നയിക്കുകയും ചെയ്യും.
രോഗവ്യാപനം തടയുന്നതിനായി രോഗികളെ വേഗത്തിൽ കണ്ടെത്തുക, ഐസൊലേഷൻ ഉറപ്പാക്കുക, സമ്പർക്കപ്പട്ടിക തയ്യാറാക്കുക, സുരക്ഷിതമായ ശവസംസ്കാരം നടത്തുക തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളിലാണ് ആരോഗ്യവകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
