എ എ റഹീമിനെയും ഭാര്യയേയും സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്: കോൺഗ്രസ് പ്രവർത്തകൻ ഗൾഫിൽ നിന്നും തിരിച്ചെത്തിയതോടെ അറസ്റ്റിലായി
BY:TS TVM
തിരുവനന്തപുരം:
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എം.പിയുമായ എ.എ. റഹീമിനെയും ഭാര്യയേയും സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത കേസിൽ പ്രവാസി മലയാളി പൊലീസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശിയായ സജിമോൻ ആണ് അറസ്റ്റിലായത്. ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ ഇയാളെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നിർമ്മിച്ച്, എ.എ. റഹീമിനും ഭാര്യയ്ക്കുമെതിരെ അധിക്ഷേപകരമായ ചിത്രങ്ങളും കുറിപ്പുകളും വ്യാപകമായി പ്രചരിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് നടപടി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച മെഡിക്കൽ കോളേജ് പൊലീസ്, ശാസ്ത്രീയ പരിശോധനകളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പ്രതി വിദേശത്തായതിനെ തുടർന്ന് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് സജിമോനെതിരെ കേസെടുത്തിരിക്കുന്നത്. പിടിയിലായ സജിമോൻ സജീവ കോൺഗ്രസ് പ്രവർത്തകനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഗൾഫിൽ കഴിയുന്ന സമയത്താണ് ഇയാൾ ഈ വിവാദ പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
