ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു; എസ്ബിഐ ശാഖകൾ സാധാരണ നിലയിൽ പ്രവർത്തിക്കും

 ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു; എസ്ബിഐ ശാഖകൾ സാധാരണ നിലയിൽ പ്രവർത്തിക്കും

മുംബൈ:

മെയ് 25, 26 തീയതികളിൽ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജീവനക്കാരുടെ സംഘടന മാറ്റിവെച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. സമരം പ്രഖ്യാപിച്ച ദിവസങ്ങളിൽ രാജ്യത്തെ എല്ലാ എസ്ബിഐ ശാഖകളും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പുനൽകിയിട്ടുണ്ട്.

ബാങ്കുകളിലെ സ്റ്റാഫ് ക്ഷാമം പരിഹരിക്കുക, സ്ഥിരം സ്വഭാവമുള്ള ജോലികൾ ഔട്ട്സോഴ്‌സിങ് ചെയ്യുന്നത് അവസാനിപ്പിക്കുക, പെൻഷൻ സംബന്ധമായ ആനുകൂല്യങ്ങളിലെ അപാകതകൾ പരിഹരിക്കുക, ജീവനക്കാരുടെ വേതന-പദവി സമത്വം ഉറപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എസ്ബിഐ സ്റ്റാഫ് ഫെഡറേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. തങ്ങൾ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ ബാങ്ക് മാനേജ്‌മെന്റ് ദീർഘനാളായി വിമുഖത കാണിക്കുന്നതിനെതിരെയുള്ള പ്രതിഷേധമായാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.

രണ്ടുദിവസത്തെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്തെ ബാങ്കിങ് സേവനങ്ങളെ ബാധിക്കുമെന്ന വലിയ ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ഉയർന്നിരുന്നു. ചെക്ക് ക്ലിയറിങ്, കൗണ്ടർ വഴിയുള്ള കാഷ് ഇടപാടുകൾ, ലോൺ പ്രോസസിങ് തുടങ്ങിയ സുപ്രധാന സേവനങ്ങൾ തടസ്സപ്പെട്ടേക്കുമെന്ന മുന്നറിയിപ്പുകളും വന്നിരുന്നു. എന്നാൽ മാനേജ്‌മെന്റുമായി നടത്തിയ ചർച്ചകളെത്തുടർന്ന് സമരം മാറ്റിവെച്ചതോടെ വലിയൊരു ബാങ്കിങ് പ്രതിസന്ധിയാണ് താല്ക്കാലികമായി ഒഴിഞ്ഞത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News