ആറ്റിങ്ങൽ ഷൈൻ സ്റ്റാർ പ്രീപ്രൈമറി സ്കൂൾ ഉടമയുടെ മരണത്തിനിടയാക്കിയ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം:
ആറ്റിങ്ങലിൽ പ്രീപ്രൈമറി സ്കൂൾ വാനിൽ ടാങ്കർ ലോറിയിടിച്ച് സ്കൂൾ ഉടമ മരണപ്പെട്ട സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. വെമ്പായം സ്വദേശിയായ ശ്രീകാന്തിനെയാണ് (35) പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 21-ാം തീയതി ആറ്റിങ്ങൽ പൂവൻപാറ അൽ-ഹാജ ഹോട്ടലിന് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.
അപകടത്തിൽ ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ഷൈൻ സ്റ്റാർ പ്രീപ്രൈമറി സ്കൂളിന്റെ ഉടമയും വാൻ ഡ്രൈവറുമായിരുന്ന ദീപു മരണപ്പെട്ടിരുന്നു. വാനിലുണ്ടായിരുന്ന സ്കൂൾ ആയ അശ്വതിക്ക് അപകടത്തിൽ പരിക്കേൽക്കുകയും ഇവർ നിലവിൽ ചികിത്സയിൽ കഴിയുകയുമാണ്.
മദ്യലഹരിയിലെ അശ്രദ്ധ ലഹരി വരുത്തിയ ദുരന്തം:
‘ബ്ലാക്ക് ഓയിൽ’ (BLACK OIL) എന്ന അതീവ ഹാനികരമായ രാസവസ്തു നിറച്ച ടാങ്കർ ലോറിയാണ് പ്രതി ശ്രീകാന്ത് ഓടിച്ചിരുന്നത്. അപകടമുണ്ടായാൽ ഈ രാസവസ്തു പൊതുസ്ഥലത്ത് പടർന്നുപിടിച്ച് പൊതുജന സുരക്ഷയെ വൻതോതിൽ ബാധിക്കുമെന്നും വലിയൊരു ദുരന്തത്തിന് കാരണമാകുമെന്നുമുള്ള പൂർണ്ണമായ ബോധ്യമുണ്ടായിരുന്നിട്ടും പ്രതി മദ്യലഹരിയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
മദ്യപിച്ച് അമിതവേഗതയിലും അത്യന്തം അശ്രദ്ധമായും ലോറി ഓടിച്ചുവന്ന പ്രതി, സ്കൂൾ വാനിലേക്ക് ഇടിച്ചുകയറ്റിയാണ് ദാരുണമായ ഈ അപകടം വരുത്തിവെച്ചത്. അറസ്റ്റിലായ പ്രതിക്കെതിരെ ശക്തമായ നിയമനടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്.
