കീവിൽ റഷ്യയുടെ കടുത്ത വ്യോമാക്രമണം; എട്ട് മരണം, വ്യാപക നാശനഷ്ടം
കീവ്:
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ പുലർച്ചെയോടെ റഷ്യ നടത്തിയ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മോസ്കോ വൻതോതിലുള്ള ആക്രമണത്തിന് മുതിരുമെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് നഗരത്തെ മണിക്കൂറുകളോളം നടുക്കിയ സ്ഫോടന പരമ്പരകൾ ഉണ്ടായത്.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു റഷ്യൻ ആക്രമണമെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ ടെലിഗ്രാമിലൂടെ വ്യക്തമാക്കി. നഗരത്തിലുടനീളം ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേൾക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിൽ മുപ്പതിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
കീവ് സിറ്റി മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി തിമൂർ ത്കാചെങ്കോ നൽകിയ വിവരങ്ങൾ പ്രകാരം നഗരത്തിലെ 28 ഇടങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തകർന്നവയിൽ ഭൂരിഭാഗവും ജനവാസ കേന്ദ്രങ്ങളും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളുമാണ്. ആക്രമണ ഭീഷണിയെ തുടർന്ന് നിരവധി നിവാസികൾ മെട്രോ സ്റ്റേഷനുകളിലും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലും അഭയം തേടി.

