ബൈലോ ലംഘനമെന്ന ശ്വേതയുടെ വാദം കോടതി അംഗീകരിച്ചു; പിഷാരടിയുടെ അഡ്ഹോക്ക് കമ്മിറ്റിക്ക് തിരിച്ചടി
കൊച്ചി:
താരസംഘടനയായ ‘അമ്മ’യുടെ (AMMA) താൽക്കാലിക ഭരണത്തിനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ എറണാകുളം മുൻസിഫ് കോടതി തടഞ്ഞു. അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നിർണായക ഉത്തരവ്. സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ നൽകിയ ഹർജിയിലാണ് നടപടി.
മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ഇടക്കാല ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്കാണ് കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ശ്വേതയുടെ നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് തന്നെ സംഘടനയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങളുമായി തുടരാമെന്നും നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് ഈ കമ്മിറ്റിക്ക് തടസ്സങ്ങളില്ലെന്നും കോടതി വ്യക്തമാക്കി. അഡ്ഹോക്ക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടി എംഎൽഎക്ക് കോടതി നോട്ടീസ് അയച്ചു. 10 ദിവസത്തിനകം അദ്ദേഹം വിഷയത്തിൽ മറുപടി നൽകണം. ഹർജി ഈ മാസം 13-ന് കോടതി വീണ്ടും പരിഗണിക്കും.
അഡ്‌ഹോക് കമ്മിറ്റിയുടെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കാൻ ഒളിച്ചുകളികളില്ലാതെ സൂം മീറ്റിംഗ് വഴി ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഭാരവാഹികൾ നേരത്തെ തീരുമാനമെടുത്തിരുന്നു. ബൈലോ പ്രകാരം അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുത ഇല്ലെന്നായിരുന്നു ഇവരുടെ വിലയിരുത്തല്‍. ഇതിനു പിന്നാലെ ജയന്‍ ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവര്‍ ഇ-മെയിൽ വഴി തങ്ങളുടെ ഔദ്യോഗിക രാജി സമർപ്പിച്ചു. എന്നാൽ ലക്ഷ്മിപ്രിയ, ഉണ്ണി ശിവപാല്‍ എന്നിവര്‍ ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
താൻ സംഘടനയിൽ നിന്ന് രാജിവെക്കില്ലെന്ന് ശ്വേതാ മേനോൻ നേരത്തെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നും താൻ ആരെയും വഞ്ചിക്കുകയോ സംഘടനയെ അനാഥമാക്കുകയോ ചെയ്തിട്ടില്ലെന്നും ശ്വേത കുറിച്ചു. മുൻപ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവെച്ചപ്പോൾ പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ പഴയ കമ്മിറ്റി തന്നെയാണ് തുടർന്നതെന്നും, ബൈലോ പ്രകാരം തന്റെ കമ്മിറ്റിക്കും ഇതേ നീതിയാണ് ലഭിക്കേണ്ടതെന്നും ശ്വേത ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിച്ചിരുന്നു. കോടതിയുടെ പുതിയ ഇടക്കാല ഉത്തരവോടെ ‘അമ്മ’യിലെ അധികാര തർക്കം വീണ്ടും സങ്കീർണ്ണമായിരിക്കുകയാണ്.
