കെപിസിസിയിൽ ഭിന്നത രൂക്ഷം; അടിയന്തര യോഗം വിളിക്കാൻ കെ.സി. പക്ഷം കത്തു നൽകി; ലക്ഷ്യം സതീശനെതിരെയുള്ള നീക്കമോ?

 കെപിസിസിയിൽ ഭിന്നത രൂക്ഷം; അടിയന്തര യോഗം വിളിക്കാൻ കെ.സി. പക്ഷം കത്തു നൽകി; ലക്ഷ്യം സതീശനെതിരെയുള്ള നീക്കമോ?

BY: TS TVM

തിരുവനന്തപുരം:

സംസ്ഥാനത്തെ നയപരമായ തീരുമാനങ്ങളിൽ പാർട്ടിക്കുള്ളിൽ മതിയായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാക്കി കോൺഗ്രസിൽ എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലുള്ള ആഭ്യന്തര ഭിന്നത പുതിയ തലത്തിലേക്ക്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അദാനി-എം.എസ്.സി ഓഹരി കൈമാറ്റ വിവാദം ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ അതൃപ്തി പരസ്യമാക്കി, അടിയന്തരമായി കെപിസിസി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി എം.ആർ. അഭിലാഷ് സംസ്ഥാന അധ്യക്ഷന് കത്ത് നൽകി.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വിശ്വസ്തനായ അഭിലാഷ്, അദാനി വിവാദം മുതൽ പ്ലീഡർ നിയമനം വരെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം ആറിനാണ് ഒടുവിൽ കെപിസിസി നേതൃയോഗം ചേർന്നത്. അതിനുശേഷം ഉയർന്നുവന്ന പല നിർണായക വിഷയങ്ങളിലും പാർട്ടി കൂട്ടായ തീരുമാനമെടുത്തിട്ടില്ലെന്നാണ് ആക്ഷേപം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിൽ സൂപ്പര്‍ പവറാകാമെന്ന് അദാനി കരുതേണ്ടതില്ലെന്ന് നേരത്തെ കെ.സി. വേണു​ഗോപാൽ പരസ്യ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യക്ഷത്തിൽ അദാനി ​ഗ്രൂപ്പിനെതിരെയാണ് ഇതെങ്കിലും, പരോക്ഷമായി ഇത് മുഖ്യമന്ത്രി വി.ഡി. സതീശന് നേരെയുള്ള വിരൽചൂണ്ടലായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ദേശീയ തലത്തിൽ രാഹുൽ ​ഗാന്ധി അദാനിക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുമ്പോൾ, കേരളത്തിൽ കോൺ​ഗ്രസ് ഭരണത്തിന് കീഴിൽ അദാനി അനുകൂല നിലപാടുകൾ ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സംസ്ഥാന കോൺ​ഗ്രസിലെ ഒരു വിഭാഗത്തിന്റെ മുറുമുറുപ്പ്. നേരത്തെ വീര്യം കുറഞ്ഞ മദ്യം, കരിമണൽ ഖനനം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം തുടങ്ങിയ നയപരമായ വിഷയങ്ങളിലും പാർട്ടിയിൽ ആലോചിക്കാതെയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ കൈക്കൊണ്ടതെന്ന പരാതി ഉയർന്നിരുന്നു.

ഇതിനിടെ, വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി ആ​ഗോള കപ്പൽ കുത്തകയായ എംഎസ്‍സിക്ക് കൈമാറാൻ പ്രാഥമിക കരാറുണ്ടാക്കിയെന്ന് സെബിയെ (SEBI) അറിയിച്ച് അദാനി ​​ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഈ വിവരം അദാനി ഗ്രൂപ്പ് അനൗദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നാണ് ഒരുകൂട്ടം നേതാക്കളുടെ ആരോപണം. എന്നാൽ, ഈ വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് താൻ അറിഞ്ഞതെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ വിശദീകരണം.

മുഖ്യമന്ത്രിയുടെ ഈ വാദം കോൺ​ഗ്രസിലെ കെ.സി. വേണു​ഗോപാൽ വിഭാ​ഗം പൂർണ്ണമായി മുഖവിലയ്‌ക്കെടുത്തിട്ടില്ല. സർക്കാരിനെ അറിയിക്കാതെയാണ് അദാനി ​ഗ്രൂപ്പ് നീക്കം നടത്തിയതെങ്കിൽ, അതിനെതിരെ നിയമപരവും രാഷ്ട്രീയവുമായ അതിശക്തമായ നിലപാട് മുഖ്യമന്ത്രി എടുക്കണമെന്നാണ് കെ.സി പക്ഷത്തിന്റെ ആവശ്യം. ഇതിനിടെ, കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപാദാസ് മുൻഷിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് വിഷയത്തിൽ മുഖ്യമന്ത്രി അദാനി ​ഗ്രൂപ്പിനെ ഔദ്യോഗികമായി അതൃപ്തി അറിയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

കെപിസിസി അടിയന്തര യോഗം വിളിക്കണമെന്ന കത്തിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏകപക്ഷീയമായ ശൈലിക്കെതിരെ പാർട്ടി വേദികളിൽ പരസ്യ വിചാരണയ്ക്ക് വഴിതുറക്കാനാണ് കെ.സി പക്ഷം ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് പുതിയ നീക്കങ്ങൾ നൽകുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News