പാലാ ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ സമ്മേളനം; കൗൺസിലർമാർ രാജി വെക്കണമെന്ന് ബിജെപി, പ്രതിഷേധം ശക്തം
BY:ജിജോ മുഴയിൽ
പാലാ:
പാലാ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം നടത്തുന്നതിന് നഗരസഭ കൗൺസിൽ അനുമതി നൽകിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പൊതുസൗകര്യം രാഷ്ട്രീയ പാർട്ടികളുടെ സമ്മേളന വേദിയാക്കി മാറ്റുന്നത് ജനങ്ങളോടുള്ള കടുത്ത അനീതിയാണെന്ന് ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് ജി. അനീഷ് കുറ്റപ്പെടുത്തി.
യാത്രക്കാരുടെ ദൈനംദിന ജീവിതത്തെയും ബസ് സർവീസുകളെയും തടസ്സപ്പെടുത്തിക്കൊണ്ട് ഇത്തരമൊരു പരിപാടിക്ക് അനുമതി നൽകിയ നഗരസഭയുടെ തീരുമാനം അത്യന്തം പ്രതിഷേധാർഹമാണ്. വ്യാപാര സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ നടപടി ഒരു ജനകീയ ഭരണസമിതിക്ക് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനങ്ങൾക്കായി മറ്റ് അനുയോജ്യമായ വേദികൾ ലഭ്യമായിരിക്കെ ബസ് സ്റ്റാൻഡ് തന്നെ തിരഞ്ഞെടുത്തത് അംഗീകരിക്കാൻ കഴിയില്ല.
പൊതുസ്ഥലങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ സ്വകാര്യ വേദികളല്ലെന്നും, ജനങ്ങൾക്ക് കൗൺസിലർമാരിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ ഭരണസമിതി ഒന്നടങ്കം രാജി വെച്ച് ജനവിധി തേടണമെന്നും ബിജെപി മുൻസിപ്പൽ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജി. അനീഷ് ആവശ്യപ്പെട്ടു. പാലാ നഗരസഭയിലെ ജനകീയ വിഷയങ്ങൾ പഠിക്കുന്നതിനായി പ്രസിഡന്റിന്റെ നേതൃത്വത്തിൽ 15 അംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
ബസ് സ്റ്റാൻഡിലെ സമ്മേളന അനുമതി ഉടൻ പിൻവലിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത മറ്റൊരു വേദിയിലേക്ക് പരിപാടി മാറ്റാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ശക്തമായി ആവശ്യപ്പെട്ടു. മുൻസിപ്പൽ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് സണ്ണി മാത്യു അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി, മുൻസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുനിൽ പഴയീട്, സുനീഷ്, ജിജോ മുഴയിൽ, അനന്തകൃഷ്ണൻ, ബിമൽ, ബിനു എം.ആർ, അജിത്ത് തുടങ്ങിയ നേതാക്കൾ യോഗത്തിൽ സംസാരിച്ചു.
