ഗാനകോകിലം എസ്. ജാനകിക്ക് വിട; മൈസൂരു ഫാം ഹൗസിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
മൈസൂരു:
ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാസംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗാനകോകിലം എസ്. ജാനകിക്ക് ഒടുവിൽ വിട. ശ്വസനസംബന്ധമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജാനകിയമ്മ ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് അന്തരിച്ചത്. മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരം നടന്ന ചടങ്ങിൽ കൊച്ചുമകൾ ചിതയ്ക്ക് തീ കൊളുത്തി. തൻ്റെ സംസ്കാരം ഈ ഫാം ഹൗസിൽ തന്നെ നടത്തണമെന്നത് ജാനകിയമ്മയുടെ ആഗ്രഹമായിരുന്നു.
പ്രിയ ഗായികയെ അവസാനമായി ഒരു നോക്ക് കാണാൻ രാവിലെ മുതൽ തന്നെ വൻ ജനപ്രവാഹമാണ് ഒഴുകിയെത്തിയത്. ചടങ്ങുകൾ വീക്ഷിക്കാൻ ആരാധകർ സമീപത്തെ മരങ്ങളിലും മറ്റും കയറി കാത്തുനിന്നത് വികാരനിർഭരമായ കാഴ്ചയായി. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചലച്ചിത്ര പ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു. കേരള സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി റോജി എം. ജോൺ ഭൗതികദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.
രാവിലെ 8 മണിക്ക് ആരംഭിച്ച പൊതുദർശനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ‘അമ്മയ്ക്ക്’ വിട നൽകാൻ സിനിമാ-സംഗീത ലോകത്തെ പ്രമുഖരും എത്തിയിരുന്നു. പ്രിയ ഗായികയുടെ ഭൗതികദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് പ്രശസ്ത ഗായികമാരായ കെ.എസ്. ചിത്രയും സുജാത മോഹനും യാത്രാമൊഴിയേകിയത്. രാവിലെ പത്ത് മണിയോടെ കർണാടക സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധികൾ അന്തിമോപചാരം അർപ്പിച്ചതിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് അനശ്വര ഗാനങ്ങളാണ് എസ്. ജാനകി ഇന്ത്യൻ സംഗീതലോകത്തിന് സമ്മാനിച്ചത്. നാല് ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ അവർ തലമുറകളുടെ ഓർമ്മച്ചെപ്പിലെ മാധുര്യമുള്ള ശബ്ദമാണ്. “സ്വരങ്ങൾ അവസാനിക്കുന്നില്ല, ജാനകിയമ്മ എന്നും ഗാനങ്ങളിലൂടെ ജീവിക്കും” എന്ന സന്ദേശങ്ങളുമായി രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രിയ ഗായികയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.
