നിർമ്മാണ സ്ഥലത്തെ അനാസ്ഥ: ചെന്നൈയിൽ ഭീമൻ ഇരുമ്പ് പ്ലേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരൻ മരിച്ചു

 നിർമ്മാണ സ്ഥലത്തെ അനാസ്ഥ: ചെന്നൈയിൽ ഭീമൻ ഇരുമ്പ് പ്ലേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരൻ മരിച്ചു

ചെന്നൈ:

നഗരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ക്രെയിൻ്റെ കയർ പൊട്ടി കൂറ്റൻ ഇരുമ്പ് പ്ലേറ്റ് ദേഹത്തേക്ക് വീണ് മൂന്ന് വയസുകാരൻ മരിച്ചു. ചെന്നൈ കോർപ്പറേഷൻ്റെ പരിധിയിലുള്ള പുഴൽ, കാവൻകരൈ കണ്ണപ്പസ്വാമി നഗറിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കാവൻകരൈ സ്വദേശിയായ വിഘ്‌നേഷിൻ്റെ മകൻ ഷാരൂഖ് ഈശ്വരൻ ആണ് മരിച്ചത്.

കണ്ണപ്പസ്വാമി നഗർ പ്രദേശത്ത് ഭൂഗർഭ മലിനജല പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയായിരുന്നു. ഇതിൻ്റെ ഭാഗമായി ഭീമൻ ടാങ്കുകളും പൈപ്പുകളും സ്ഥാപിക്കുന്നതിനായി ക്രെയിൻ ഉപയോഗിച്ച് കൂറ്റൻ ഇരുമ്പ് പ്ലേറ്റ് ഉയർത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായി ക്രെയിനിലെ കയർ (ബെൽറ്റ്) പൊട്ടി ഭീമൻ ഇരുമ്പ് പ്ലേറ്റ് താഴേക്ക് പതിക്കുകയായിരുന്നു.

ഈ സമയം നിർമ്മാണസ്ഥലത്തിന് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന വിഘ്നേഷിൻ്റെയും മകൻ ഷാരൂഖിൻ്റെയും മുകളിലേക്കാണ് പ്ലേറ്റ് വീണത്. പിതാവ് വിഘ്നേഷ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, കുഞ്ഞ് ഷാരൂഖിൻ്റെ വയറിലേക്ക് ഇരുമ്പ് പ്ലേറ്റ് അമരുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ ലഭിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News