പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

 പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം:

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എൽ.ഡി.എഫ്. നേതാവുമായ പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കരകുളത്തുള്ള വസതിയിൽനിന്ന് ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്ത് യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേസിൽ നടക്കുന്ന ആദ്യത്തെ പ്രധാന അറസ്റ്റാണിത്. കസ്റ്റഡിയിലെടുത്ത പ്രശാന്തിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റി.

2025-ൽ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാനായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് കേസിന്റെ പ്രധാന വഴിത്തിരിവ്. 2019-ൽ നടന്ന സ്വർണക്കൊള്ള മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് 2025-ൽ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ബോർഡ് വീണ്ടും ശിൽപങ്ങൾ മാറ്റാൻ അനുമതി നൽകിയതെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. 40 വർഷത്തെ വാറന്റി നിലനിൽക്കെയാണ് വീണ്ടും സ്വർണം പൂശാൻ അനുമതി നൽകിയത്.

അതേസമയം, കേസിൽ ഏതുനിമിഷവും തന്റെ അറസ്റ്റ് ഉണ്ടായേക്കാമെന്ന് വ്യക്തമാക്കി പ്രശാന്ത് ഇന്ന് രാവിലെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. സർക്കാരിന്റെ രാഷ്ട്രീയ സമ്മർദമാണ് നടപടിക്ക് പിന്നിലെന്നും എന്നാൽ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്തെ ജീവനക്കാരുടെ സുരക്ഷയും അശുദ്ധിയും പരിഗണിച്ചാണ് ശിൽപങ്ങൾ മാറ്റാൻ നടപടി സ്വീകരിച്ചതെന്നും, ബോർഡിന്റെ ഭാഗത്തുനിന്ന് യാതൊരു നിയമലംഘനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രശാന്തിന് പുറമെ അന്നത്തെ ദേവസ്വം ബോർഡ് അംഗമായിരുന്ന എ. അജികുമാർ, തിരുവാഭരണം കമ്മീഷണർ രജിലാൽ, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠര് രാജീവർ ഉൾപ്പെടെയുള്ളവർക്കെതിരെയും അന്വേഷണ സംഘം നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് എസ്.ഐ.ടി നൽകുന്ന സൂചന..

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News