ഹെപ്പറ്റൈറ്റിസ് ബി ചികിത്സയിൽ നിർണായക വഴിത്തിരിവ്: അഞ്ചിലൊരാൾക്ക് ആശ്വാസമായി ബിപിറോവിർസെൻ പരീക്ഷണം

 ഹെപ്പറ്റൈറ്റിസ് ബി ചികിത്സയിൽ നിർണായക വഴിത്തിരിവ്: അഞ്ചിലൊരാൾക്ക് ആശ്വാസമായി ബിപിറോവിർസെൻ പരീക്ഷണം

ന്യൂഡൽഹി:

ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി ചികിത്സയിൽ വൻ മുന്നേറ്റവുമായി പുതിയ മരുന്ന് പരീക്ഷണം. ‘ബിപിറോവിർസെൻ’ (Bepirovirsen) എന്ന പുതിയ മരുന്ന് ഉപയോഗിച്ച് നടത്തിയ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ (B-Well 1, B-Well 2) അഞ്ചിലൊരാൾക്ക് (ഏകദേശം 20 ശതമാനം രോഗികൾക്ക്) രോഗം പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ (Functional Cure) സാധിച്ചതായി ഗവേഷകർ വെളിപ്പെടുത്തി. പ്രമുഖ ശാസ്ത്ര മാസികയായ ‘ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ’ (NEJM) ആണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

നിലവിൽ ലോകമെമ്പാടുമായി 25 കോടിയോളം ആളുകൾ ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി ബാധിതരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കരൾ വീക്കം, ലിവർ സിറോസിസ്, ലിക്വർ ക്യാൻസർ തുടങ്ങിയ ഗുരുതര സാഹചര്യങ്ങളിലേക്ക് നയിക്കാവുന്ന ഈ രോഗത്തിന് നിലവിൽ ദീർഘകാല ആൻറിവൈറൽ ചികിത്സയാണ് നൽകിവരുന്നത്. എന്നാൽ, നിലവിലെ മരുന്നുകൾക്ക് വൈറസിന്റെ പെരുപ്പം തടയാൻ മാത്രമേ കഴിയൂ. ശരീരത്തിൽ നിന്ന് ഹെപ്പറ്റൈറ്റിസ് ബി സർഫസ് ആന്റിജൻ (HBsAg) പൂർണ്ണമായി നീക്കം ചെയ്യാൻ ഇവയ്ക്ക് സാധിക്കാറില്ല.

എന്നാൽ ആൻ്റിസെൻസ് ഒലിഗോന്യൂക്ലിയോറ്റൈഡ് (Antisense Oligonucleotides – ASO) വിഭാഗത്തിൽപ്പെടുന്ന ബിപിറോവിർസെൻ, വൈറസിന്റെ മെസ്സഞ്ചർ ആർഎൻഎയെ (mRNA) ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ഇത് വൈറൽ പ്രോട്ടീനുകളുടെയും HBsAg യുടെയും ഉത്പാദനം കുറയ്ക്കുകയും, വൈറസിനെതിരെ പോരാടാൻ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.

29 രാജ്യങ്ങളിലായി 1,800-ലധികം ആളുകളിൽ നടത്തിയ പഠനത്തിൽ, 24 ആഴ്ച മരുന്ന് നൽകിയ ശേഷം നിരീക്ഷിച്ചപ്പോൾ 20 ശതമാനം ആളുകളിലും വൈറസിന്റെ അളവ് കണ്ടെത്താനാകാത്തവിധം കുറയുകയും HBsAg പൂർണ്ണമായി അപ്രത്യക്ഷമാവുകയും ചെയ്തു. രക്തത്തിൽ ആന്റിജന്റെ അളവ് കുറവുള്ളവരിൽ (1000 IU/ml-ൽ താഴെ) 26 ശതമാനം വരെ ഉയർന്ന വിജയനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

തുടർച്ചയായ ആന്റിവൈറൽ മരുന്നുകൾ കഴിക്കുന്നതിൽ നിന്ന് മോചനം നൽകാൻ ഈ കണ്ടെത്തൽ സഹായിക്കുമെങ്കിലും, കൂടുതൽ പഠനങ്ങൾക്കും റെഗുലേറ്ററി അനുമതികൾക്കും ശേഷമേ മരുന്ന് വിപണിയിലെത്തുകയുള്ളൂ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News