തക്കാളി ദിനംപ്രതി കഴിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം

 തക്കാളി ദിനംപ്രതി കഴിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം

റോം — കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളിലൊന്നായ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ അഥവാ എം.എ.എസ്.എൽ.ഡി (MASLD – Metabolic Dysfunction-Associated Steatotic Liver Disease) ഉള്ളവരിൽ പ്രതിദിന തക്കാളി ഉപയോഗം കരളിലെ കൊഴുപ്പിന്റെ അളവ് (Hepatic Steatosis) ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. പ്രശസ്ത വൈദ്യശാസ്ത്ര ജേണലായ ‘ന്യൂട്രിയന്റ്സി’ൽ (Nutrients) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റാൻഡമൈസ്ഡ് കൺട്രോൾഡ് ട്രയലിലാണ് (RCT) ഈ കണ്ടെത്തലുള്ളത്.

ഇറ്റലിയിൽ നടന്ന ഈ ശാസ്ത്രീയ പഠനത്തിൽ 18-നും 65-നും ഇടയിൽ പ്രായമുള്ള, ബോഡി മാസ് ഇൻഡക്സ് (BMI) 30-ഓ അതിൽ കുറവോ ഉള്ള രോഗികളാണ് പങ്കെടുത്തത്. ആറാഴ്ച നീണ്ടുനിന്ന പഠനത്തിൽ ഒരു വിഭാഗത്തിന് ദിവസേന 200 ഗ്രാം പച്ചത്തക്കാളിയും 50 ഗ്രാം തക്കാളി സോസും ഭക്ഷണത്തിൽ ഉൾപ്പെടുത്തി നൽകിയപ്പോൾ, രണ്ടാമത്തെ വിഭാഗത്തിന് തക്കാളി പൂർണ്ണമായും ഒഴിവാക്കിയുള്ള ഭക്ഷണക്രമമാണ് നൽകിയത്.

പഠനകാലയളവിന് ശേഷം അത്യാധുനിക അൾട്രാസൗണ്ട് സാങ്കേതികവിദ്യയായ സി.എ.പി (Controlled Attenuation Parameter – CAP) ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, ദിവസവും തക്കാളി കഴിച്ചവരിൽ കരളിലെ കൊഴുപ്പിന്റെ അളവിൽ വലിയ കുറവ് രേഖപ്പെടുത്തി. തക്കാളി ഉപയോഗിച്ചവരിൽ സി.എ.പി മൂല്യം ശരാശരി 35 dB/m കുറഞ്ഞപ്പോൾ, തക്കാളി കഴിക്കാത്തവരിൽ ഇത് 18 dB/m മാത്രമാണ് കുറഞ്ഞത്.

ശരീരഭാരം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാതെ തന്നെ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ തക്കാളിക്കായി എന്നത് ശ്രദ്ധേയമാണ്. തക്കാളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ലൈക്കോപീൻ (Lycopene) എന്ന ശക്തമായ ആന്റിഓക്സിഡന്റും മറ്റ് ഫൈറ്റോകെമിക്കലുകളുമാണ് ഇതിന് സഹായിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

എങ്കിലും ചെറിയ സാമ്പിൾ സൈസിലും ആറാഴ്ചത്തെ ചുരുങ്ങിയ സമയപരിധിയിലും നടത്തിയ പഠനമായതിനാൽ, കൂടുതൽ ആളുകളിൽ ദീർഘകാല ഗവേഷണങ്ങൾ നടത്തി മാത്രമേ ഇതിന്റെ പൂർണ്ണമായ ക്ലിനിക്കൽ പ്രാധാന്യം ഉറപ്പാക്കാൻ സാധിക്കൂ എന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News