പാങ്ങപ്പാറ അഭിരാം വധക്കേസ്: കൊലപാതകം കൃത്യമായ ഗൂഢാലോചനയോടെ; ആസൂത്രണം ചെയ്തത് പ്ലസ് ടു വിദ്യാർത്ഥിയും പെൺസുഹൃത്തും ചേർന്ന്

തിരുവനന്തപുരം: പാങ്ങപ്പാറയിൽ പതിനേഴുകാരനായ പ്ലസ് ടു വിദ്യാർത്ഥി അഭിരാം കൊല്ലപ്പെട്ട സംഭവം അവിചാരിതമായ തർക്കമോ ഏറ്റുമുട്ടലോ അല്ലെന്നും, കൃത്യമായ ആസൂത്രണത്തോടെയും ഗൂഢാലോചനയോടെയും നടപ്പാക്കിയ കൊലപാതകമാണെന്നും പൊലീസിന്റെ കണ്ടെത്തൽ. ക്രിമിനൽ ബുദ്ധിയോടെ ആസൂത്രണം ചെയ്ത കൃത്യമാണ് നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയും (17), കൂട്ടുപ്രതികളായ ഉമർ (23), മണക്കാട് സ്വദേശിനിയും കഴക്കൂട്ടം വനിതാ ഐടിഐ വിദ്യാർത്ഥിനിയുമായ ആനന്ദ (18) എന്നിവരും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്.
കെണിയൊരുക്കിയത് പെൺകുട്ടിയെന്ന വ്യാജേന:
ശനിയാഴ്ച രാവിലെ ആനന്ദയുടെ മൊബൈൽ ഫോണിൽ നിന്നാണ് അഭിരാമിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കാനുള്ള സന്ദേശങ്ങൾ അയച്ചത്. ഒരു പെൺകുട്ടിയെന്ന വ്യാജേന ചാറ്റ് ചെയ്ത് അഭിരാമിനെ നിശ്ചിത സ്ഥലത്തേക്ക് എത്തിക്കാനുള്ള ആശയം പതിനേഴുകാരനായ ഒന്നാം പ്രതിയുടേതായിരുന്നു.
പെൺകുട്ടികളുടെ സംസാരിക്കുന്ന രീതിയും പ്രതികരണ ശൈലിയും ഒന്നാം പ്രതിക്ക് പഠിപ്പിച്ചു നൽകിയത് പെൺസുഹൃത്തായ ആനന്ദയാണെന്ന് പൊലീസ് കണ്ടെത്തി. ഡിജിറ്റൽ തെളിവുകളുടെയും മൊഴി വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
