പിണറായിയുടെ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനം: എൽഡിഎഫിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഐ-സിപിഎം ഭിന്നത രൂക്ഷം

 പിണറായിയുടെ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനം: എൽഡിഎഫിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഐ-സിപിഎം ഭിന്നത രൂക്ഷം

തിരുവനന്തപുരം:

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത വീണ്ടും പരസ്യമാകുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് സിപിഎം നേതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി രംഗത്തെത്തി. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ എഴുതിയ “കൂട്ടായ നേതൃത്വമാണ് എൽഡിഎഫിന്റെ അന്തസത്ത” എന്ന ലേഖനത്തിലാണ് പിണറായി വിജയനെതിരെ സത്യൻ മൊകേരി തുറന്നടിച്ചത്.

പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിച്ച് സ്പീക്കർക്ക് കത്തു നൽകേണ്ടത് താനാണെന്നും, അത് കൊടുത്താൽ മാത്രമേ ഉപനേതാവ് സ്ഥാനം വരൂ എന്നും പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിക്കേണ്ട ധാർമ്മികതയുടെ അഭാവവുമാണെന്ന് സിപിഐ ലേഖനം കുറ്റപ്പെടുത്തുന്നു.

“താൻ തീരുമാനിക്കും, എല്ലാം താനാണ് എന്ന ഭാവം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന് സഹായകരമല്ല, ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ചതുമല്ല” എന്ന് ലേഖനത്തിൽ സത്യൻ മൊകേരി വ്യക്തിമാക്കി. ഒന്നിലധികം രാഷ്ട്രീയ പാർട്ടികൾ പൊതുലക്ഷ്യത്തിനായി രൂപീകരിക്കുന്നതാണ് മുന്നണിയെന്നും, പ്രതിപക്ഷ ഉപനേതാവിനെ തീരുമാനിക്കേണ്ടത് പ്രതിപക്ഷ നേതാവിന് സ്വന്തം നിലയിൽ തീരുമാനിക്കാവുന്ന കാര്യമല്ല, മറിച്ച് രാഷ്ട്രീയ വിഷയമാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം മുന്നണിയിൽ കൂട്ടായ പ്രവർത്തനം ഉറപ്പാക്കുന്നതിനാണ് സിപിഐ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം മുന്നോട്ടുവെച്ചത്. ഇത് വിവിധ തലങ്ങളിൽ ചർച്ച ചെയ്തുകൊണ്ടിരിക്കെയാണ് അതിനെയെല്ലാം മറികടന്ന് പ്രതിപക്ഷ നേതാവ് ഏകപക്ഷീയമായി പ്രസ്താവന നടത്തിയതെന്നും സിപിഐ ആരോപിക്കുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News