രാജ്യത്ത് ഇൻഫ്ലുവൻസ എ (H1N1) പടരുന്നു: ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ഐ.എം.എ

ന്യൂഡൽഹി:
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ലുവൻസ എ (H1N1) പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). രോഗലക്ഷണങ്ങൾ ഗുരുതരമായാൽ മടിക്കാതെ ഉടൻ തന്നെ ആശുപത്രികളിൽ അടിയന്തര ചികിത്സ തേടണമെന്ന് അധികൃതർ വ്യക്തമാക്കി.
ഡൽഹി, മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഡൽഹിയിൽ മാത്രം ഇതുവരെ 1,770-ലധികം പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. എന്നാൽ നിലവിൽ പടരുന്നത് സാധാരണ സീസണൽ H1N1 വൈറസ് തന്നെയാണെന്നും പുതിയ ജനിതകമാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഐ.സി.എം.ആർ വ്യക്തമാക്കുന്നു.
കടുത്ത പനി, വിറയൽ, വരണ്ട ചുമ, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശ്വാസതടസ്സം, നെഞ്ചുവേദന, കുട്ടികളിൽ കടുത്ത തളർച്ച തുടങ്ങിയ അപകടസൂചനകൾ കണ്ടാൽ ഉടൻ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണം. വൈറൽ രോഗമായതിനാൽ സ്വയം ആൻ്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കരുതെന്നും അത് ഗുരുതര ആരോഗ്യപ്രതിസന്ധി ഉണ്ടാക്കുമെന്നും ഐ.എം.എ മുന്നറിയിപ്പ് നൽകുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും രോഗലക്ഷണമുള്ളവർ കൃത്യമായ വിശ്രമം എടുക്കാനും നിർദ്ദേശമുണ്ട്.
