കാന്തപുരത്തെ ന്യായീകരിച്ച കെ.ടി. ജലീലിന് പി.കെ. ശ്രീമതിയുടെ രൂക്ഷവിമർശനം; സതീശനെതിരെ മുസ്ലിം ജമാഅത്ത്
കോഴിക്കോട്:
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച എൽ.ഡി.എഫ് നേതാവ് കെ.ടി. ജലീൽ അടക്കമുള്ളവർക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം നേതാവ് പി.കെ. ശ്രീമതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീമതിയുടെ പ്രതികരണം.
“സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പരാമർശങ്ങൾ തെറ്റില്ല എന്ന്! വിയോജിക്കുന്നവർക്ക് അതാകാമെന്നും, എന്തൊരൗദാര്യം,” എന്ന് പി.കെ. ശ്രീമതി കുറിച്ചു. കാന്തപുരത്തിന് മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ടെന്നും അതിനെ എതിർക്കാൻ പൊതുസമൂഹത്തിന് അവകാശമുണ്ടെന്നുമായിരുന്നു കെ.ടി. ജലീലിന്റെ വാദം. മതപണ്ഡിതർ മതശാസനകളുമായി ബന്ധപ്പെട്ടാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും ആ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനാകില്ലെന്നും ജലീൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശ്രീമതി രംഗത്തെത്തിയത്.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എറണാകുളം ജില്ലാ അധ്യക്ഷൻ
അതിനിടെ, കാന്തപുരത്തെ വിമർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ അധ്യക്ഷൻ സയ്യിദ് സി.ടി. ഹാഷിം തങ്ങൾ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രതികരണം തികച്ചും അപക്വമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി മതപണ്ഡിതന്റെ വേഷമണിയുന്നത് ശരിയല്ലെന്നും, ആരോ നൽകിയ തെറ്റായ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകാം അദ്ദേഹം സംസാരിച്ചതെന്നും ഹാഷിം തങ്ങൾ ആരോപിച്ചു. പരാമർശം തിരുത്തി മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
