സ്ഥിരമായി വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് ബിഗ് സല്യൂട്ട്; രണ്ടാഴ്ചത്തെ അനുഭവത്തിൽ മനസ്സ് മടുത്തതായി യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
പൂനെ:
വർക്ക് ഫ്രം ഹോം ജോലി രീതി സൗകര്യപ്രദമാണെന്ന് പൊതുവെ കരുതപ്പെടാറുണ്ടെങ്കിലും, സ്ഥിരമായുള്ള വീട്ടിലിരുന്ന ജോലി വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുവെന്ന് വെളിപ്പെടുത്തി യുവതി. പൂനെ സ്വദേശിയായ മോഹിനി ചവാൻ എന്ന യുവതിയാണ് രണ്ടാഴ്ചത്തെ തുടർച്ചയായ വർക്ക് ഫ്രം ഹോം അനുഭവത്തിന് ശേഷം തന്റെ സാധാരണ ഹൈബ്രിഡ് തൊഴിൽ രീതിയാണ് ഏറെ അനുയോധ്യമെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.
സ്ഥിരമായി വർക്ക് ഫ്രം ഹോം ചെയ്യുന്നവർ അത് എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന് അറിയില്ലെന്നും അത്തരക്കാർക്ക് തന്റെ സല്യൂട്ട് ഉണ്ടെന്നും മോഹിനി ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പറഞ്ഞു. സാധാരണയായി ഹൈബ്രിഡ് മോഡൽ പിന്തുടരുന്ന മോഹിനിയുടെ ഓഫീസിൽ, വർഷത്തിൽ രണ്ടാഴ്ച മുഴുവനായും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുവാദം ജീവനക്കാർക്ക് നൽകാറുണ്ട്. സ്വന്തം നാട്ടിൽ നിന്നും മാറിനിൽക്കുന്ന ജീവനക്കാർ സാധാരണയായി ഈ രണ്ടാഴ്ചത്തെ അവസരം വീടുകളിലേക്ക് മടങ്ങാൻ ഉപയോഗിക്കാറുമുണ്ട്.
എന്നാൽ ജോലി ഓഫീസിലായാലും വീട്ടിലായാലും തൊഴിൽഭാരം ഒന്നുതന്നെയാണെന്ന് മോഹിനി ചൂണ്ടിക്കാണിക്കുന്നു. തുടർച്ചയായി രണ്ടാഴ്ച വീടിനുള്ളിൽ തന്നെ ഇരുന്ന് ജോലി ചെയ്തതോടെ തന്റെ ചിന്താശേഷിയും മനസ്സും പൂർണ്ണമായും തളർന്ന അവസ്ഥയിലായെന്നും (brain completely fried), വീടിന് പുറത്തിറങ്ങാതെ ഒരേ രീതിയിലുള്ള ദിനചര്യയിൽ കുടുങ്ങിപ്പോയ പ്രതീതിയാണ് ഉണ്ടായതെന്നും മോഹിനി കൂട്ടിച്ചേർത്തു.
