ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ മൂന്നര കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
BY: HABEEB IDAPLLY
കൊച്ചി: ലഹരിമരുന്ന് വേട്ടയ്ക്കായി സംസ്ഥാനത്ത് നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ (Operation Toofan Narco Hunt) പരിശോധനയുടെ ഭാഗമായി കൊച്ചി സിറ്റിയിൽ വൻ കഞ്ചാവ് വേട്ട. തൃക്കാക്കര, കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസും ഡാൻസാഫ് (DANSAF) ടീമും ചേർന്ന് പിടികൂടി.
കളമശ്ശേരി പത്തടിപ്പാലം വട്ടേക്കുന്നം മ്യൂസിയം നഗർ ഭാഗത്ത് നിന്ന് 1.996 കിലോഗ്രാം കഞ്ചാവുമായി ഇടപ്പള്ളി വട്ടേക്കുന്നം വലിയപറമ്പിൽ വീട്ടിൽ ബൈജു (41), പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സാമിൻ ഷെയ്ഖ് (27) എന്നിവരാണ് ആദ്യ സംഘത്തിൽ പിടിയിലായത്.
തൃക്കാക്കര തുതിയൂർ രാജീവ് നഗർ റോഡിന് സമീപത്ത് നിന്ന് 1.514 കിലോഗ്രാം കഞ്ചാവുമായി ആസാം ബാർപെട്ട സ്വദേശി മണിരുൽ ഹക്ക് (21) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി ആകെ മൂന്നര കിലോയോളം വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ ഐ.പി.എസ്, മോഹിത് റാവത്ത് ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) ടീമാണ് പ്രതികളെ വലയിലാക്കിയത്.
